സി.ബി.എസ്.ഇ : മൂല്യനിർണയം സ്വാഗതാർഹം, ഫലം വൈകുന്നത് ആശങ്കജനകം
text_fieldsദുബൈ: സി.ബി.എസ്.ഇ മൂല്യനിർണയത്തിന് മൂന്ന് ക്ലാസുകളിലെ മാർക്കുകൾ മാനദണ്ഡമാക്കിയ നടപടി സ്വാഗതാർഹമെന്ന് പ്രവാസ ലോകത്തെ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും. എന്നാൽ, ജൂലൈ 31 വരെ ഫലപ്രഖ്യാപനം വൈകുന്നത് ആശങ്കാജനകമാണെന്നും അവർ പറയുന്നു.
വിദേശ സർവകലാശാലകളിൽ പുതിയ അധ്യയന വർഷം തുടങ്ങിക്കഴിഞ്ഞു. പലയിടത്തും വൈകാതെ തന്നെ ക്ലാസുകൾ തുടങ്ങും. ഫലം വരാതെ തന്നെ ചില സ്ഥലങ്ങളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
ഉടൻ മാർക്ക് ലിസ്റ്റ് സമർപ്പിക്കാമെന്ന വാക്കിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകിയത്. എന്നാൽ, ഫലം ഇനിയും വൈകുന്നത് ഇവരെ പ്രതിസന്ധിയിലാക്കും. ഈ തീരുമാനം നേരത്തേ എടുക്കാമായിരുന്നുവെന്നും ഫലപ്രഖ്യാപനം ഈ മാസമെങ്കിലും നടത്താമായിരുന്നുവെന്നുമാണ് രക്ഷിതാക്കളുടെ അഭിപ്രായം.
തുടർവിദ്യാഭ്യാസം ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ച വിദ്യാർഥികളെ ഇത് ബാധിക്കില്ല. എന്നാൽ, ഗൾഫിൽനിന്ന് സി.ബി.എസ്.ഇ പൂർത്തിയാക്കിയ വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ഇവിടെ തന്നെയോ മറ്റ് വിദേശ രാജ്യങ്ങളിലോ തുടർവിദ്യാഭ്യാസം നടത്തുകയാണ് പതിവ്. അതേസമയം, 30:30:40 അനുപാതം സ്വാഗതാർഹമാണെന്നാണ് പൊതുവെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും വിലയിരുത്തൽ.
ഫലപ്രഖ്യാപനം 31ന് മുമ്പുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. 10ാം ക്ലാസിലെ ഫൈനൽ പരീക്ഷ കുട്ടികൾ ഗൗരവമായെടുത്താണ് എഴുതിയത്.
എന്നാൽ, 11ാം ക്ലാസ് പരീക്ഷ അത്ര ഗൗരവമാക്കാത്ത വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. 11ാം ക്ലാസിലെ പരീക്ഷയിലെ മാർക്കുകൾ സാധാരണ രീതിയിൽ മറ്റെവിടെയും പരിഗണിക്കാറില്ല.അതിനാൽ, ഫൈനൽ പരീക്ഷയുടെ അത്ര ഗൗരവത്തോടെയല്ല 11ാം ക്ലാസ് പരീക്ഷ എഴുതുന്നത്.ഇതിൽ ചെറിയൊരു ആശങ്ക വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.