സി.ബി.എസ്.ഇ : ഇന്നലെയും തീരുമാനമില്ല, ആശങ്കയിൽ രക്ഷിതാക്കൾ
text_fieldsസി.ബി.എസ്.ഇ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ പ്രവേശനം അവതാളത്തിലാകും
ദുബൈ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ തീരുമാനമെടുക്കാൻ ഇന്നലെ ചേർന്ന യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിച്ചു. പരീക്ഷ റദ്ദാക്കി ഫലം പ്രഖ്യാപിക്കുകയോ ഉടൻ പരീക്ഷ നടത്തുകയോ ചെയ്യും എന്നതായിരുന്നു രക്ഷിതാക്കളുടെ പ്രതീക്ഷ.
തീരുമാനം അനിശ്ചിതമായി നീളുന്നതോടെ പ്രവാസി വിദ്യാർഥികളുടെ തുടർപഠനവും പ്രതിസന്ധിയിലായി.വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പുതിയ അധ്യയന വർഷം ഉടൻ ആരംഭിക്കും. സി.ബി.എസ്.ഇ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ പ്രവേശനം അവതാളത്തിലാകും. മാർച്ചിലായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. ഈ മാസമെങ്കിലും പരീക്ഷ നടത്തി ഉടനടി ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. അല്ലാത്തപക്ഷം, 10ാം ക്ലാസിലേതുപോലെ പരീക്ഷ റദ്ദാക്കണം. മുൻ ടേമിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കുകയും ചെയ്യണം. ഇതാണ് രക്ഷിതാക്കളുടെ ആവശ്യം.
ഇന്ത്യക്ക് പുറത്ത് 22 രാജ്യങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷക്ക് സെൻററുകളുണ്ട്. ഇന്ത്യയിൽനിന്ന് വ്യത്യസ്തമായ ചോദ്യപേപ്പറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. അതിനാൽ, ഇന്ത്യയിലെ പരീക്ഷ വൈകിയാലും വിദേശരാജ്യങ്ങളിൽ പരീക്ഷ നടത്തണമെന്ന ആവശ്യവും രക്ഷിതാക്കളും സ്കൂൾ മാനേജ്മെൻറും മുന്നോട്ടുവെക്കുന്നു. താരതമ്യേന കോവിഡ് ബാധിതർ കുറഞ്ഞ വിദേശരാജ്യങ്ങളിൽ ഇതിന് തടസ്സമുണ്ടാകില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഗൾഫിൽ നടത്തിയിരുന്നു.
പരീക്ഷ വൈകുന്നതിനാൽ നാട്ടിലേക്ക് മടങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. പലരുടെയും വിസ കാലാവധി അവസാനിക്കാറായി. കൂടുതൽ കുട്ടികളും തുടർവിദ്യാഭ്യാസം നാട്ടിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ, വിസ കാലാവധി കഴിയുന്നതിനുമുമ്പ് എങ്ങനെയെങ്കിലും കുട്ടികളെ നാട്ടിലെത്തിക്കണമെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം. പരീക്ഷ വൈകിയാൽ വിസിറ്റിങ് വിസ എടുത്ത് വീണ്ടും യു.എ.ഇയിൽ തങ്ങേണ്ടി വരും. നിലവിൽ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് അധിക ബാധ്യതയായിരിക്കും ഇതുണ്ടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.