സി.ബി.എസ്.ഇ ഫലം വൈകൽ: തുടർപഠനത്തിൽ ആശങ്ക
text_fieldsദുബൈ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം വൈകുന്നതിൽ യു.എ.ഇയിലെ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക. ജൂൺ 15ന് അവസാനിച്ച പരീക്ഷയുടെ ഫലം ഈ മാസം അവസാനത്തോടെ മാത്രമാണ് വരുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സ്റ്റേറ്റ് സിലബസ് പരീക്ഷ പ്ലസ്ടു ഫലം വന്നതോടെ ഇന്ത്യയിൽ പല സർവകലാശാലകളും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫലം വൈകുന്നതോടെ സി.ബി.എസ്.ഇ സിലബസിൽ പരീക്ഷക്കിരുന്നവർ കോളജ് അഡ്മിഷൻ നേടാനുള്ള സാധ്യത മങ്ങുമെന്ന ആശങ്കയിലാണ്. കേരളത്തിലടക്കം വിവിധ കോളജുകളിൽ പ്ലസ്ടു, 12ാം ക്ലാസ് പരീക്ഷയിലെ മാർക്കാണ് ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നത്.
അതിനിടെ, ഇന്ത്യയിലെ സർവകലാശാലകളെ നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷൻ (യു.ജി.സി) ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി സി.ബി.എസ്.ഇ പരീക്ഷ ഫലം വന്ന ശേഷമായിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത് ആശ്വാസം പകരുന്നതാണെങ്കിലും അവസാന ഘട്ടത്തിൽ ഇഷ്ട വിഷയങ്ങൾക്ക് സീറ്റ് ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
വിവിധ സംസ്ഥനങ്ങളിലെ സ്റ്റേറ്റ് സിലബസ് പരീക്ഷഫലം കഴിഞ്ഞ മാസം വന്നിരുന്നു. ഇതോടെ കേരളത്തിലടക്കം കോളജ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികളും പൂർത്തിയാവുകയാണ്. അതിനാൽ പത്താം ക്ലാസ് ഫലം വൈകുന്നതിലും ആശങ്കയുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾ മിക്കവരും ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിൽ പഠനസാധ്യതയില്ലെങ്കിൽ ഇവർ ഉയർന്ന ഫീസ് നൽകി കേരളത്തിന് പുറത്തുപോകേണ്ട സാഹചര്യമാകും. പരീക്ഷ ഫലത്തിന്‍റെ കാര്യത്തിലും കുട്ടികളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഏപ്രിലിലെ പരീക്ഷക്കുപുറമെ കഴിഞ്ഞ നവംബർ, ഡിസംബർ മാസത്തിലും സി.ബി.എസ്.ഇ പൊതുപരീക്ഷ നടത്തിയിരുന്നു.
ഇതിൽ ഏത് മാർക്കാണ് പരീക്ഷഫലത്തിന് പരിഗണിക്കപ്പെടുക എന്നതിനും വ്യക്തതയില്ല. ഇതുസംബന്ധമായി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതിനാൽ പരീക്ഷകളിലെ മാർക്കുകളിലും കുട്ടികളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.