വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രതിഷേധം: കോപ് വേദിയിൽ വീണ്ടും ഗസ്സ
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടി വേദിയിൽ വീണ്ടും ഗസ്സ വിഷയം ഉയർത്തിക്കാണിച്ച് ആക്ടിവിസ്റ്റുകൾ. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ശനിയാഴ്ച നൂറുകണക്കിന് ആക്ടിവിസ്റ്റുകൾ റാലി നടത്തി. ലോകത്താകമാനം കാലാവസ്ഥ നീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട മാർച്ചിലാണ് ഗസ്സ വിഷയംകൂടി ഉന്നയിച്ചത്.
കോപ് 28 വേദിയിലെ യു.എൻ നിയന്ത്രണത്തിലുള്ള ബ്ലൂ സോണിലാണ് പ്രതിഷേധം അരങ്ങേറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആക്ടിവിസ്റ്റുകൾക്കൊപ്പം, വ്യത്യസ്ത തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളും ഫലസ്തീൻ അനുകൂലികളും റാലിയിൽ അണിനിരന്നു. ആയിരത്തിലേറെ പേർ ഒത്തുകൂടിയ പ്രതിഷേധ പ്രകടനം നൂറുകണക്കിന് പേരെ ആകർഷിച്ചു. ഇംഗ്ലീഷിലും അറബിയിലും ‘ഇപ്പോൾ വെടിനിർത്തുക’ എന്നെഴുതിയ വലിയ കറുത്ത ബാനർ വഹിച്ചുകൊണ്ടാണ് റാലിയുടെ മുൻനിരയുണ്ടായിരുന്നത്.
സമാധാനപരമായി നടന്ന പ്രതിഷേധത്തിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ വിഭാഗം സൗകര്യമൊരുക്കി. മാർച്ചിന് അനുമതി നൽകിയതിന് സംഘാടകർ യു.എന്നിന് നന്ദി പറഞ്ഞെങ്കിലും ഫലസ്തീൻ പതാകകൾ പറത്താനും ‘നദി മുതൽ കടൽ വരെ’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ വിളിക്കാൻ അനുവദിക്കാത്തതിൽ പരാതിയും വെളിപ്പെടുത്തി. അധിനിവേശം അവസാനിപ്പിക്കുക, തിരിച്ചുവരാനുള്ള അവകാശം എന്നീ മുദ്രാവാക്യങ്ങൾ ഫലസ്തീൻ പതാകയുടെ നിറങ്ങളിൽ എഴുതിയ ബാനറുകൾ പ്രതിഷേധത്തിൽ ഉപയോഗിച്ചു. യു.എ.ഇ മുതൽ യുഗാണ്ട വരെ 300ലധികം നഗരങ്ങൾ ഫലസ്തീനുവേണ്ടി നിലകൊള്ളുകയാണെന്നും വെടിനിർത്തലിനു മാത്രമല്ല, പതിറ്റാണ്ടുകളായി തുടരുന്ന കോളനിവത്കരണത്തിനും വംശീയ വിവേചനത്തിനും അന്ത്യംകുറിക്കാൻ ലോകജനത ആവശ്യപ്പെടേണ്ടതുണ്ടെന്നും ആക്ടിവിസ്റ്റുകൾ പറഞ്ഞു. അതിനിടെ, ശനിയാഴ്ച കോപ് 28 വേദിയുടെ മറ്റു ചില വേദികളിലും ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ അരങ്ങേറി.
ഇസ്രായേൽ സംഘടനയായ ഹെഷൽ സെന്റർ ഫോർ സസ്റ്റൈനബിലിറ്റി നടത്തിയ ഭക്ഷ്യ സുരക്ഷയെക്കുറിച്ച സെഷൻ കഫിയ്യ ധരിച്ചെത്തി ഫലസ്തീൻ അനുകൂല പ്രവർത്തകർ തടസ്സപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.