നേട്ടങ്ങൾ ആഘോഷിച്ച് ജി.ഡി.ആർ.എഫ്.എ ദുബൈ
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച മികച്ച നേട്ടങ്ങൾ ആഘോഷിച്ച് ‘എലൈറ്റ് സെറിമണി’ സംഘടിപ്പിച്ചു.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ 2,000ത്തിലധികം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിച്ചു. ദുബൈ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹല ബദ്രി, ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർമാർ, ദുബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ പ്രഭാഷണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകിയ പ്രോത്സാഹനമാണ് പ്രാദേശിക തലത്തിലും അന്താരാഷ്ട്രതലത്തിലും അതോറിറ്റിയുടെ കീർത്തി വർധിപ്പിച്ചതെന്ന് കഴിഞ്ഞ 18 വർഷത്തെ പ്രവർത്തന മികവ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
അതോറിറ്റിക്ക് നൽകുന്ന നിരന്തര പിന്തുണക്ക് ലഫ്. ജനറല്‍ ദാഹി ഖല്ഫാന് തമീമിനെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. വിശ്വാസം കാത്തുസൂക്ഷിച്ച ഉദ്യോഗസ്ഥനാണ് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെന്ന് ലഫ്. ജനറല്‍ ദാഹി ഖല്ഫാന് തമീം അഭിപ്രായപ്പെട്ടു. ഒരിക്കൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ജി.ഡി.ആർ.എഫ്.എയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു മികച്ച നേതൃത്വത്തെ നിർദേശിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു.
ദുബൈ പൊലീസ് സി.ഐ.ഡി വിഭാഗത്തിന്റെ മേധാവിയായിരുന്ന അൽ മർറിയെ ഈ ദൗത്യം ഏൽപിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മനുഷ്യത്വവും സേവനമികവും ഒത്തുചേർന്ന അദ്ദേഹത്തിന്റെ നേതൃത്വപാടവം എനിക്ക് നന്നേ ബോധിച്ചതായിരുന്നു -അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.