സുസ്ഥിരത വിളിച്ചോതി ദേശീയദിനാഘോഷം
text_fieldsദുബൈ എക്സ്പോ സിറ്റിയിൽ നടന്ന ദേശീയദിനാഘോഷ ചടങ്ങ്
ദുബൈ: ഇമാറാത്തിന്റെ ഐക്യവും കൂട്ടായ്മയും വിളിച്ചോതി രാജ്യമെങ്ങും ദേശീയ ദിനാഘോഷം. ലോകം കാലാവസ്ഥ ഉച്ചകോടിക്കായി ഒരുമിച്ചുചേർന്ന എക്സ്പോ സിറ്റി ദുബൈയിലെ വേദിയിലാണ് ഇത്തവണ ഔദ്യോഗിക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചത്. സുസ്ഥിര വർഷാചരണം, ആഗോള കാലാവസ്ഥ ഉച്ചകോടി എന്നിവയുടെ പശ്ചാത്തലത്തിൽ നടന്ന ആഘോഷം രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തെ വരച്ചുകാണിക്കുന്നതായിരുന്നു. യു.എ.ഇയുടെ പരമ്പരാഗത നെയ്ത്തുരീതിയായ അൽ സദു നെയ്ത്തിനെ അടിസ്ഥാനമാക്കിയാണ് ചടങ്ങുകളുടെ ഉള്ളടക്കം രൂപപ്പെടുത്തിയത്. 1971ൽ ഐക്യഎമിറേറ്റുകൾ രൂപവത്കരിച്ചതു മുതൽ വർത്തമാനകാലംവരെയുള്ള നേട്ടങ്ങൾ പ്രതീകാത്മകമായി വേദിയിൽ അവതരിപ്പിച്ചു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ വൈകീട്ട് 6.30 മുതൽ ചടങ്ങിന്റെ തത്സമയ പ്രക്ഷേപണം കാണാൻ സൗകര്യമൊരുക്കിയിരുന്നു. അബൂദബിയിൽ ഡെൽമ പബ്ലിക് പാർക്ക്, അൽമുഗീറ സെൻട്രൽ പാർക്ക്, അൽസില പബ്ലിക് പാർക്ക്, ലിവ ഫെസ്റ്റിവൽ നഗരി, സായിദ് അൽഖൈർ പാർക്ക്, ഇത്തിഹാദ് അറീന തുടങ്ങിയ സ്ഥലങ്ങളിലും ദുബൈയിൽ ഗ്ലോബൽ വില്ലേജ്, ഇബ്നുബത്തൂത്ത മാൾ, ഹത്ത പൈതൃക ഗ്രാമം എന്നിവിടങ്ങളിലും ഷാർജയിൽ നാഷനൽ പാർക്ക്, ഖോർഫുകാൻ കോർണിഷ്, കൽബ കോർണിഷ് പാർക്ക്, അൽദൈദ് കോട്ട എന്നിവിടങ്ങളിലും അജ്മാനിൽ മസ്ഫൂത് കോട്ട, മർസ അജ്മാൻ, ഉമ്മുൽ ഖുവൈനിൽ ഫലജ് അൽ മുഅല്ല കോട്ട, അൽമനാർ മാൾ, റാസൽഖൈമയിൽ റാക് ഈറ്റസ്, ഫുജൈറയിൽ അംബ്രല ബീച്ച് തൽസമയം പരിപാടികൾ പ്രദർശിപ്പിച്ചു.
ദേശീയദിനാഘോഷ ഭാഗമായി കരിമരുന്ന് പ്രകടനങ്ങളടക്കമുള്ള വമ്പന്‍ പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയിൽ അരങ്ങേറിയത്. യൂനിയന്‍ പരേഡ്, ഡ്രോണ്‍ പ്രകടനങ്ങള്‍, ജലധാര പ്രകടനങ്ങള്‍, സാംസ്കാരിക, പൈതൃക, വിനോദ മേളകള്‍ തുടങ്ങിയവയാണ് ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ നടന്നത്. ഞായറാഴ്ചയും വൈകീട്ട് നാലു മുതല്‍ പുലര്‍ച്ച ഒരുമണിവരെ ആഘോഷ പരിപാടികള്‍ നടക്കും. അബൂദബിയിൽ യാസ് ഐലന്റ്, അൽ മർയ ഐലന്റ് എന്നിവിടങ്ങളിലും ദുബൈയിൽ ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലും ഷാർജ അൽ മുദാമിലുമടക്കം വിവിധ സ്ഥലങ്ങളിലും വെടിക്കെട്ടുകൾ അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.