മടങ്ങിവരവിന്‍റെ ആഘോഷം; പുതു ചരിതമെഴുതി എജുകഫെ
text_fieldsദുബൈ: മഹാമാരി തീർത്ത രണ്ടു വർഷത്തെ ഇടവേളയിൽനിന്ന് വിദ്യാഭ്യാസ മേഖലയുടെ മടങ്ങിവരവ് അടയാളപ്പെടുത്തി 'ഗൾഫ് മാധ്യമം'എജൂകഫെ ഏഴാം സീസണ് പ്രൗഢഗംഭീര സമാപനം. അടഞ്ഞുകിടന്ന വിദ്യാലയ വാതിലുകൾ വീണ്ടും തുറന്ന ശേഷം നടക്കുന്ന ആദ്യ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മേളയായ എജൂകഫേയിലേക്ക് യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിൽ നിന്നും ആയിരക്കണക്കിന് കുട്ടികളാണ് ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലേക്ക് ഒഴുകിയെത്തിയത്. പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാമെന്ന ആത്മധൈര്യം പകർന്ന എജൂകഫേ, മഹാമാരിക്കു ശേഷമുള്ള തിരിച്ചുവരവിന് വഴിതെളിച്ച് പുതുചരിതമെഴുതിയാണ് സമാപിച്ചത്. നാളെയുടെ നായകരാകാൻ കൊതിക്കുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയാകുന്ന ഒരു ഡസനോളം സെഷനുകൾ, ആത്മധൈര്യം പകർന്ന പ്രചോദന പ്രഭാഷണങ്ങൾ, ഇഷ്ടതൊഴിൽ തേടിയുള്ള യാത്രക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ, മക്കളുടെ ഭാവി സ്വപ്നംകാണുന്ന മാതാപിതാക്കൾക്കുള്ള ഉപദേശങ്ങൾ, കരിയർ വളർച്ച ആഗ്രഹിക്കുന്ന അധ്യാപകർക്കുള്ള നിർദേശങ്ങൾ, ഡിജിറ്റൽ കാലത്തെ ജോലി സാധ്യതകൾ, സൈബർ ലോകത്തെ അപകടങ്ങളും സാധ്യതകളും തുടങ്ങി വിദ്യാഭ്യാസ മേഖലയെ അടിമുടി സ്പർശിക്കുന്നതായിരുന്നു ഓരോ സെഷനും. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പവിലിയനുകൾ വഴി ഭാവിയിലേക്കുള്ള തയാറെടുപ്പുകൾ ഇപ്പോൾതന്നെ തുടങ്ങാനുള്ള അവസരവും ഒരുക്കിയാണ് അറിവിന്‍റെ മഹാമേള കൊടിയിറങ്ങിയത്.
സദസ്സിനെ കൈയിലെടുത്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ സെഷനോടെയായിരുന്നു എജൂകഫേയുടെ സമാപനം. പ്രഫഷനൽ മാജിക്കിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുതുകാട് ഇടവേളക്കുശേഷം മായാജാല പ്രകടനങ്ങളുമായി വേദിയിലെത്തുന്നതിനും എജൂകഫെ സാക്ഷ്യം വഹിച്ചു. കുട്ടികളിൽ ചിന്തകൾ വളർത്തിയെടുക്കാൻ എജൂകഫേക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകർ വിദ്യാർഥികളോടും രക്ഷിതാക്കൾ മക്കളോടും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം. ചില വാക്കുകൾ വലിയ ചലനമുണ്ടാക്കും. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലെ വൈകല്യം ബാധിച്ച കുട്ടികളുടെ സംരക്ഷണത്തിനാണ് മാജിക്കിൽ നിന്ന് പിന്മാറിയത്. അവരുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും മുതുകാട് പറഞ്ഞു. പി. ഭാസ്കരന്‍റെ ആദ്യ വിദ്യാലയം എന്ന കവിതയെ ആസ്പദമാക്കിയുള്ള മാജിക് എജൂകഫേ വേദിയിലൂടെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തി. മാജിക് പ്ലാനറ്റിലെ 20ഓളം കുട്ടികളെ ഒരു വർഷത്തേക്ക് ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് നിരവധി പേർ മുന്നോട്ടുവന്നു. എങ്ങനെ മാജിക് അവതരിപ്പിക്കാം എന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
രാവിലെ നടന്ന സെഷനുകളിൽ ഡോ. ധന്യ മേനോൻ, അവെലോ റോയ്, രാംകുമാർ കൃഷ്ണമൂർത്തി, മദീഹ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. എ.പി.ജെ. അബ്ദുൽകലാം ഇന്നൊവേഷൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. 'മാധ്യമം' ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, 'ഗൾഫ് മാധ്യമം'-മീഡിയവൺ മിഡ്ൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ എന്നിവർ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.