വ്യാജ പാസ്പോർട്ടുകൾ പിടികൂടാൻ ദുബൈയിൽ അത്യാധുനിക കേന്ദ്രം
text_fieldsദുബൈ: വ്യാജ യാത്ര രേഖകളുമായി ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നവരെ വലയിലാക്കാൻ അത്യാധുനിക സംവിധാനം.
ദുബൈ എമിഗ്രേഷന്റെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ കഴിഞ്ഞവർഷം യാത്രക്കാരിൽ നിന്ന് 1,327 കൃത്രിമ യാത്ര രേഖകൾ പിടികൂടിയതായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ദുബൈ എമിഗ്രേഷൻ) അറിയിച്ചു. ഏത് രാജ്യത്തിന്റെ പേരിലുള്ള വ്യാജ പാസ്പോര്ട്ടും മറ്റു യാത്ര വ്യാജരേഖകളും പിടിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.
ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഡോക്യുമെന്റ് പരിശോധന കേന്ദ്രം വ്യാജ രേഖകൾ അതിവേഗം തിരിച്ചറിയാൻ സഹായിക്കുമെന്ന് കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹമ്മദ് നജ്ജാർ പറഞ്ഞു. മുഴുവൻ രാജ്യങ്ങളുടെയും പാസ്പോർട്ട് ഡേറ്റബേസ് ഈ സെന്ററിൽ ലഭ്യമാണ്.
പാസ്പോർട്ട് മാത്രമല്ല വ്യാജ റെസിഡൻസി രേഖകളും വ്യാജ ലൈസൻസുകളും ഇവിടെ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. പാസ്പോര്ട്ടിൽ ഏത് തരം കൃത്രിമം കാണിച്ച് ദുബൈയിൽ എത്തിയാലും അവർ പിടിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാൻ പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് സെൻററിൽ സദാ സമയവും പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ പാസ്പോർട്ടുകളും മറ്റു രേഖകളും യഥാർഥമാണോ എന്ന് സംശയം തോന്നിയാൽ ഏതാനും മിനിറ്റുകൾക്കകംതന്നെ നിജഃസ്ഥിതി അറിയാൻ കഴിയും. പാസ്പോർട്ടുകൾക്ക് പുറമേ യാത്ര നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള ഐഡന്റിറ്റി കാർഡുകൾ, റെസിഡൻസ് കാർഡുകൾ, പ്രവേശന വിസകൾ എന്നിവയും വ്യാജമാണോ എന്ന് കണ്ടെത്താൻ കേന്ദ്രത്തിന് സാധിക്കും. 62 വിദഗ്ധരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ വ്യാജരേഖകൾ കണ്ടെത്തുന്നതിന് പരിശീലനങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.