കേന്ദ്രം കേരളത്തെ ശിക്ഷിക്കുന്നു -മല്ലിക സാരാഭായ്
text_fieldsഷാർജ: കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്ന് വിഖ്യാത ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ്.
അക്കാദമിക രംഗത്തെ കാവിവത്കരണത്തെ എതിർത്തതുകൊണ്ടാണ് 14 വി.സിമാരെയും ഗവർണർ പുറത്താക്കിയത്. എന്നാൽ, അതിനു ശേഷം സർവകലാശാലകളിൽ അതത് രംഗങ്ങളിൽ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ കലാമണ്ഡലത്തിൽ കൊണ്ടുവന്നതെന്ന് മല്ലിക പറഞ്ഞു. അതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്റലക്ച്വൽ ഹാളിൽ ഒരുക്കിയ ‘ഇൻ എ ഫ്രീ ഫാൾ’ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. ആഗോള തലത്തിൽ ജനാധിപത്യം വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളതുകൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. അതിനു ശേഷം സർക്കാർ തന്നെ വേട്ടയാടാൻ ശ്രമിച്ചു.
ഇൻകം ടാക്സ് വകുപ്പ് പിന്നാലെ കൂടി. അതുകൊണ്ട് തന്റെ അമ്മക്കും ബുദ്ധിമുട്ടുകളുണ്ടായി. പ്രകടമായൊരു വംശീയ വേർതിരിവ് ഗുജറാത്തിലുണ്ടായിരുന്നു. അവിടത്തെ ഷോപ്പുകൾ പോലും ഹിന്ദുവിന്റേതും മുസ്ലിമിന്റേതും എന്ന് കണക്കാക്കുന്നിടത്തേക്ക് കാര്യങ്ങൾ മാറി. എന്നാൽ, ജോലിയുടെ ഭാഗമായി കേരള കലാമണ്ഡലത്തിൽ എത്തിയപ്പോൾ വലിയ ആശ്വാസം തോന്നി. ഓക്സിജൻ ലഭിച്ചത് പോലെയാണ് തോന്നിയത്. കലാമണ്ഡലത്തിൽനിന്നും നല്ല അനുഭവങ്ങളാണുണ്ടായത്. നല്ല രീതിയിൽ അതിനെ കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. വയനാട്ടിൽനിന്നൊരു ആദിവാസി കുട്ടി അവിടെ പഠിക്കാൻ വന്നതും ഹിജാബ് ധരിച്ചൊരു മുസ്ലിം പെൺകുട്ടി കഥകളി പഠിക്കാനെത്തിയതും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും മല്ലിക പറഞ്ഞു. ആഗോളീയമായി മനുഷ്യസമൂഹം വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു. അതിൽ മനുഷ്യത്വമുള്ളവർ വേദനിക്കുന്നു. ഇന്നൊരാൾ എനിക്ക് ദീപാവലി ആശംസ നേർന്നു. എന്നാൽ, ഫലസ്തീനിലും യുക്രെയ്നിലുമെല്ലാം നിരവധി പേർ ദുരിതമനുഭവിക്കുമ്പോൾ എങ്ങനെ ദീപാവലി ആഘോഷിക്കാനാകും, ആശംസ നേരാനാകും -അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.