കേന്ദ്രനിയമം മൃതദേഹം നാട്ടിലയക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു -പ്രവാസി ഇന്ത്യ
text_fieldsദുബൈ: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിൽ കേന്ദ്രസർക്കാറിന്റെ പുതിയ നിയമങ്ങൾ കാലതാമസം സൃഷ്ടിക്കുന്നുവെന്ന് പ്രവാസി ഇന്ത്യ-യു.എ.ഇ. ഡൽഹിയിൽനിന്നുള്ള അനുമതികൾക്ക് കാലതാമസം നേരിടുന്നതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ഗണ്യമായ കാലതാമസം ഉണ്ടാകുന്നു. ഇത് ബന്ധുക്കളെ മാനസികമായി തളർത്തുന്നു.
നിയമനടപടികൾ പൂർത്തീകരിച്ച് എയർലൈൻ ടിക്കറ്റ് എടുക്കണമെങ്കിൽ ഡൽഹിയിൽനിന്ന് അനുമതി കത്ത് വരാൻ വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. മുമ്പ് നിയമനടപടികൾ കഴിഞ്ഞാൽ ഉടൻ നാട്ടിലേക്ക് അയക്കാൻ സാധിക്കുമായിരുന്നിടത്താണ് ഇപ്പോൾ അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥ വന്നത്.
എംബാമിങ് സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാറിന്റെ പോർട്ടലിൽ അപ്ലോഡ് ചെയ്തതിന് ശേഷം മാത്രമേ ഡൽഹിയിൽനിന്നുള്ള അനുമതി ലഭിക്കുന്നുള്ളൂ. അനുമതി എത്തുന്നതുവരെ എയർലൈൻ ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രവാസികളുടെ അപ്രതീക്ഷിത മരണങ്ങളിൽ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരാൻ മുൻകൈയെടുക്കേണ്ട സർക്കാറുകളാണ് നിയമനടപടികളുടെ നൂലാമാലകളിലൂടെ ഇത്തരം അനിശ്ചിതാവസ്ഥ കൊണ്ടുവന്നത്.
നോർക്ക, എംബസി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൃതദേഹം കൊണ്ടുപോകാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പ്രവാസി ഇന്ത്യ-യു.എ.ഇ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിഷയം സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എം.പിമാർ എന്നിവർക്ക് നിവേദനം സമർപ്പിച്ചതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.