‘സെപ’ സുപ്രധാന മുന്നേറ്റമെന്ന് കേന്ദ്രമന്ത്രി; യു.പി.ഐ ഇടപാട് സൗകര്യം ഏർപ്പെടുത്തിയതും നേട്ടം
text_fieldsദുബൈ: യു.എ.ഇയുമായി കഴിഞ്ഞ വർഷം ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) വിദേശ-വ്യാപാര നയത്തിന് സുപ്രധാന നേട്ടമാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ്.
പാർലമെൻറിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യ, ഇസ്രായേൽ, യു.എസ്.എ, യു.എ.ഇ എന്നീ രാജ്യങ്ങൾ പങ്കാളിത്തം വഹിച്ച ‘ഐ2യു2’ ഉച്ചകോടിയും വലിയ മുന്നേറ്റങ്ങളിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ ഹർനത് സിങ് യാദവ് ഉന്നയിച്ച വിദേശകാര്യ നയത്തിന്റെ നേട്ടങ്ങൾ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യ യു.പി.ഐ, റുപേ പണമിടപാട് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പങ്കാളിത്ത രാജ്യങ്ങളുമായി കൂടിയാലോചിക്കുകയും മുന്നോട്ടുപോവുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളുമായി ആദ്യ ഘട്ടത്തിൽ യു.പി.ഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. റുപേ, യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളുടെ ശൃംഖല ആഗോളതലത്തിൽ വിപുലീകരിക്കുന്നതിന് 22 രാജ്യങ്ങളിലെ ബാങ്കുകൾ പ്രത്യേക അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു ഗൾഫ് രാജ്യങ്ങളിൽ യു.പി.ഐ സൗകര്യം ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിശൻറാവ് കരാടും കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.