ഇത്തിഹാദ് ഓഹരി വിപണിയിലേക്കെന്ന് സൂചന നൽകി സി.ഇ.ഒ
text_fieldsഅബൂദബി: ഇത്തിഹാദ് എയര്‍വേസ് കമ്പനി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നതായി സൂചന നൽകി സി.ഇ.ഒ അന്റനോല്ഡോ നെവസ്. ഇത്തിഹാദ് എയര്‍വേസ് 2022ലും 2023ലും ലാഭം കൈവരിച്ചതിന്റെ കണക്കുകള്‍ ബുധനാഴ്ച ഇത്തിഹാദ് പുറത്തുവിട്ടിരുന്നു. ഉചിതമായ സമയം വരുമ്പോള്‍ ഓഹരി വില്‍ക്കുന്നത് ആലോചിക്കുമെന്നാണ് നെവസ് റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അബൂദബി ആസ്തി നിധിയായ എ.ഡി.ക്യു ആണ് ഇത്തിഹാദിന്റെ ഉടമസ്ഥര്‍. 2022 മുതല്‍ എ.ഡി.ക്യു വരുമാന വൈവിധ്യത്തിനായി നിരവധി സ്ഥാപനങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2022 ഒക്ടോബറില്‍ ഇത്തിഹാദ് ഏറ്റെടുക്കുകയും അന്റനോല്ഡോ നെവസിനെ സി.ഇ.ഒ ആയി നിയമിക്കുകയും ചെയ്തിരുന്നു.
ഓഹരി വില്‍ക്കുകയെന്ന തീരുമാനമെടുക്കേണ്ടത് ഇത്തിഹാദല്ല മറിച്ച് എ.ഡി.ക്യു ആണെന്നും സി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് കമ്പനി ഏഴുവര്‍ഷത്തെ വളര്‍ച്ച പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. 2022ല്‍ അറ്റാദായം 9.2 കോടി ദിര്‍ഹവും 2023ല്‍ അറ്റാദായം 52.50 കോടി ദിര്‍ഹവുമായി വര്‍ധിച്ചിരുന്നു. ലാഭകരമല്ലാത്ത സര്‍വിസുകള്‍ ഒഴിവാക്കിയും നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങള്‍ സര്‍വിസ് പുനരാരംഭിച്ചുമൊക്കെ കമ്പനി ലാഭകരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സി.ഇ.ഒ വ്യക്തമാക്കുന്നു. യാത്രികരുടെ എണ്ണം വര്‍ഷംതോറും 40 ശതമാനം വീതം വര്‍ധിച്ച് 2023ല്‍ 1.4 കോടിയായി ഉയർന്നു. ‘ജേണി 2030’ പദ്ധതിയിലൂടെ ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വളര്‍ച്ച കൈവരിച്ച ഇത്തിഹാദ്, എയർ ബെര്‍ലിന്‍, അലിറ്റാലിയ, ജെറ്റ് എയര്‍വേസ്, വിര്‍ജിന്‍ ആസ്ത്രേലിയ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഓഹരികള്‍ കമ്പനി അധികനാള്‍ കൈവശം വെക്കുകയോ കൂടുതല്‍ കമ്പനികളില്‍ നിക്ഷേപം നടത്തുകയോ ചെയ്യില്ലെന്നും നെവസ് വ്യക്തമാക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.