സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്
text_fieldsദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന് ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ഡോക്ടർ സി.പി ബാവ ഹാജി, ജൂറി അംഗം പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്‍റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സി.എച്ച് മുഹമ്മദ് കോയ തന്‍റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി. മുൻ വർഷങ്ങളിൽ യഥാക്രമം എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ, ശശി തരൂർ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ. നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, കെ.പി അബ്ദുൽവഹാബ്, ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.