അറബ് പാര്‍ലമെന്റ് അധ്യക്ഷ സ്ഥാനം യു.എ.ഇക്ക്
text_fieldsഅബൂദബി: അറബ് ലീഗിന്റെ നയനിര്‍മാണ സമിതിയായ അറബ് പാര്‍ലമെന്റിന്റെ അധ്യക്ഷ സ്ഥാനം യു.എ.ഇക്ക്. ഈജിപ്തിലെ കെയ്റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന നാലാമത് ലജിസ്ലേറ്റിവ് യോഗത്തില്‍ യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹിയെ അറബ് പാര്‍ലമെന്റ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടുവര്‍ഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി. 88 അംഗങ്ങളാണ് അറബ് പാര്‍ലമെന്റിലുള്ളത്. ഇതില്‍ 63 പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. മുഹമ്മദ് അഹമ്മദ് അല്‍ യമാഹിക്ക് 53 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരാളിയായ ലിബിയയുടെ അബ്ദുല്‍ സലാം നസിയക്ക് എട്ടുവോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഇതിനുമുമ്പ് 2012ലും 2016 ലുമായിരുന്നു അറബ് പാര്‍ലമെന്റ് പ്രസിഡന്റ് സ്ഥാനം യു.എ.ഇ പ്രതിനിധി വഹിച്ചത്. 2020ല്‍ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനവും യു.എ.ഇ വഹിക്കുകയുണ്ടായി. അറബ് പാര്‍ലമെന്റിന്റെ സ്ഥാപനം മുതല്‍ അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇ നല്കുന്ന മികച്ച പിന്തുണക്കുള്ള അംഗീകാരം കൂടിയായിരുന്നു ഈ പദവി.
അറബ് മേഖലയിലും അന്താരാഷ്ട്ര സംഘടനകളിലും പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കാന്‍ കരുത്തുപകരുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമും, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാനും നല്കുന്ന പിന്തുണക്ക് മുഹമ്മദ് അഹമ്മദ് അല്‍ യമാഹി പ്രസ്താവനയിലൂടെ നന്ദി അറിയിച്ചു.
യു.എ.ഇ നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശത്തിനു കീഴില്‍ രാജ്യം കൈവരിക്കുന്ന മികച്ച പ്രവര്‍ത്തനങ്ങളിലേക്കുള്ള കൂട്ടിച്ചേര്‍ക്കലാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.