'ചാൻസ്' മുതലാക്കാം; നാടുകടത്തലിൽനിന്ന് രക്ഷപ്പെടാം
text_fieldsഷാർജ: ജയിലിൽ കഴിയുന്ന തടവുകാരുടെ ശിക്ഷാ കാലാവധിക്കു ശേഷമുള്ള നാളെകളിൽ പ്രകാശം പരത്താൻ 'ചാൻസ്' കാമ്പയിനുമായി ഷാർജ രംഗത്ത്. തടവുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും അതുവഴി നാടുകടത്തൽ ഉത്തരവിൽനിന്ന് മോചനം ലഭിക്കാനും 'ചാൻസ്' വഴിയൊരുക്കുമെന്ന് ശിക്ഷാ പുനരധിവാസ സ്ഥാപന ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് ഷുഹൈൽ പറഞ്ഞു. സത്രീകളും പുരുഷൻമാരും അടങ്ങിയ 120 തടവുകാർക്കാണ് ആദ്യഘട്ടത്തിൽ ഇതിെൻറ ഗുണം ലഭിക്കുന്നത്. മറ്റ് കുറ്റകൃത്യങ്ങൾക്ക് പുറമേ മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
പെരുമാറ്റം വിലയിരുത്തുന്നതിന് അവർ ഒരു വർഷത്തേക്ക് നിരീക്ഷണത്തിലായിരിക്കും. 20- -40 വയസ്സിനിടയിലുള്ള 120 പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ അഞ്ച് ബാച്ചുകൾ ഇതുവരെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരിൽ 90 ശതമാനം പേരും അവരുടെ പെരുമാറ്റം മെച്ചപ്പെടുത്തിയതായി ബ്രിഗേഡിയർ ഷുഹൈൽ പറഞ്ഞു.2018ൽ ഷാർജയിൽ മയക്കുമരുന്ന് സംബന്ധമായ കേസുകളിൽ 61 ശതമാനം കുറവുണ്ടായി. 476 കേസുകൾ പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 767ഉം 2016ൽ 712 കേസുകളും ആയിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 416 കടത്തുകാരും ഉപയോഗിക്കുന്നവരും അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് നിരവധി ബോധവത്കരണ പരിപാടികൾ പൊലീസ് നടത്തിയിട്ടുണ്ട്. 7832 പേർ പങ്കെടുത്തു.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം ഒരു പുതിയ മയക്കുമരുന്ന് ചികിത്സ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാൻ ഡോ. ശൈഖ് സുൽത്താൻ ഷാർജ പോലീസ് കമാൻഡർ -ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് സഅരി അൽ ഷംസിക്ക് നിർദേശം നൽകി. അനധികൃത മയക്കുമരുന്നും നിയമവിരുദ്ധമായ ലഹരിവസ്തുക്കളും സമൂഹത്തിന്, പ്രത്യേകിച്ച് ദുർബലരായ യുവാക്കൾക്ക് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.