ഇന്ത്യൻ നിയമത്തിലെ മാറ്റം; യു.എ.ഇയിലേക്ക് കൂടുതൽ നിക്ഷേപസാധ്യത
text_fieldsതിങ്കളാഴ്ചയാണ് നിയമം നിലവിൽവന്നത്
ദുബൈ: ഇന്ത്യക്കാരുടെ വിദേശനിക്ഷേപ നടപടിക്രമങ്ങൾ ലളിതമാക്കുന്നത് പുതുതായി നിയമത്തിൽ കൊണ്ടുവന്ന മാറ്റം യു.എ.ഇയിലും നിക്ഷേപം വർധിപ്പിക്കുമെന്ന് പ്രതീക്ഷ. തിങ്കളാഴ്ച മുതലാണ് ഇന്ത്യയിലെ വ്യക്തികൾക്കും കമ്പനികൾക്കും വിദേശ വിപണികളിൽ നിക്ഷേപിക്കാനുള്ള നിയമത്തിൽ ഇളവു വരുത്തിയ നിയമം നിലവിൽവന്നത്. വിദേശങ്ങളിൽ നിക്ഷേപിക്കുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രമാണ് യു.എ.ഇ. പ്രോപ്പർട്ടി വിപണിയിലും ബിസിനസ് രംഗത്തും വലിയ നിക്ഷേപങ്ങൾ ഇന്ത്യക്കാർ നടത്തുന്നുണ്ട്.
നിയമം ലളിതമാക്കിയതോടെ ഇക്കാര്യത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്.
ആഗോള വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം ശക്തമാകേണ്ട സാഹചര്യം പരിഗണിച്ചാണ് ധനമന്ത്രാലയം നിയമം പരിഷ്കരിച്ചത്.
വിദേശ നിക്ഷേപത്തിനായുള്ള നിലവിലുള്ള ചട്ടക്കൂട് ലളിതമാക്കുന്നതിന് റിസർവ് ബാങ്കുമായി ആലോചിച്ചാണ് നിയമം കൊണ്ടുവന്നത്. വിദേശ നിക്ഷേപങ്ങൾ, ഇന്ത്യക്ക് പുറത്തുള്ള സ്ഥാവര സ്വത്തുക്കൾ ഏറ്റെടുക്കൽ, കൈമാറ്റം എന്നിവ നിലവിലുള്ള നിയന്ത്രണങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചുതന്നെ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് നിയമം ചെയ്യുന്നത്. ഇതിലൂടെ നേരത്തെ ഇന്ത്യൻ സർക്കാറിന്‍റെ അനുമതി ആവശ്യമായിരുന്ന വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകൾ ഇപ്പോൾ ഇഷ്ടാനുസരണം ഇടപാട് നടത്താവുന്നതാണെന്ന് ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനൊപ്പം ചില നിയന്ത്രണങ്ങളും നിയമത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലും ചൂതാട്ടത്തിലും ഏർപ്പെട്ടിരിക്കുന്ന വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തുന്നതിൽനിന്ന് പുതിയ നിയമങ്ങൾ ഇന്ത്യക്കാരെ തടയുന്നുണ്ട്. അതുപോലെ സി.ബി.ഐ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലുള്ളവർക്കും മറ്റും നിക്ഷേപത്തിനുമുമ്പ് എൻ.ഒ.സി വാങ്ങിയിരിക്കണമെന്ന നിർദേശവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.