കുന്നുകൂടി ആശുപത്രി ബിൽ; ജാസിമിനെ നാട്ടിലെത്തിക്കാൻ നമ്മൾ കനിയണം
text_fieldsദുബൈ: പ്രവാസത്തിന്റെ കയ്പുനീരുമായി ജോലി തേടി അലയുന്നതിനിടെയാണ് നിലമ്പൂർ സ്വദേശി ജാസിം അലി (31) പെട്ടെന്നൊരുദിവസം വീണുപോയത്. അപസ്മാരം ബാധിച്ച് ഡബിൾ ഡെക്കർ കട്ടിലിൽനിന്ന് താഴേക്കുവീണ ജാസിമിന് ബോധം തെളിഞ്ഞത് ഒരാഴ്ചക്കുശേഷം. 50,000 ദിർഹമും കടന്ന് ആശുപത്രി ബിൽ കുതിക്കുമ്പോൾ പാതി ബോധംപോലുമില്ലാതെ ദുബൈ എൻ.എം.സി ആശുപത്രിയിൽ കഴിയുകയാണ് ഈ യുവാവ്.
സന്ദർശകവിസയിലാണ് ജാസിം ജോലി തേടി ദുബൈയിൽ എത്തിയത്. വിസ പുതുക്കിയെങ്കിലും ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ദുബൈ ദേരയിൽ താമസിക്കുന്നതിനിടെയാണ് ഈമാസം ഏഴിന് അപസ്മാരം വന്ന് കട്ടിലിന്റെ മുകളിൽനിന്ന് വീണത്. സുഹൃത്തുക്കൾ ചേർന്ന് എൻ.എം.സി ആശുപത്രിയിൽ എത്തിച്ചപ്പോൾ നില ഗുരുതരമായിരുന്നു. തലച്ചോറിൽ രക്തസ്രാവമുള്ളതിനാൽ ശസ്ത്രക്രിയ പോലും വേണ്ടിവന്നേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ആശുപത്രി വിട്ടുപോകണമെങ്കിൽ വൻ തുക ബിൽ അടക്കണം.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞ പ്രവാസി സംഘടനകൾ ചെറിയ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും മതിയാവില്ല ജാസിമിന്റെ ആശുപത്രി ബിൽ തീർക്കാൻ. ഇനിയും ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരും. ഇതോടെ, തുക ഇരട്ടിയാവും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാനാണ് സുഹൃത്തുക്കൾ ശ്രമിക്കുന്നത്. ആശുപത്രി ബിൽ അടക്കുകയും യാത്രക്കായി മെഡിക്കൽ എസ്കോർട്ട് ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ജാസിമിനെ നാട്ടിലെത്തിക്കാൻ കഴിയൂ.
യുവത്വത്തിന്റെ പ്രസരിപ്പിൽ ഓടിനടക്കേണ്ട പ്രായത്തിൽ വീണുപോയ ജാസിമിന്റെ ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളും സാമൂഹിക പ്രവർത്തകരും സംഘടനകളും ഇന്ത്യൻ കോൺസുലേറ്റും എത്തുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ. സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: +971 55 265 6876 (ആഷിക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.