വഞ്ചനയാണ് അവരുടെ ജാതിയും മതവും
text_fieldsറാസൽഖൈമ: ആളുകളെ വഞ്ചിക്കാൻ തീരുമാനിച്ചിറങ്ങുന്നവർക്ക് പാവപ്പെട്ടനെന്നോ പണക്കാരനെേന്നാ വേർതിരിവില്ല. മലയാളിയെന്നോ പാകിസ്താനിയെന്നോ പരിഗണിക്കില്ല. വഞ്ചനയാണ് അവരുടെ ജാതിയും മതവും. കേരളത്തിൽ നിന്നുള്ള ഒരു സാധു യുവാവിനെ വേഷം കെട്ടിച്ചു കൊണ്ടുവന്ന് യു.എ.ഇയിലെ മുൻനിര ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വെട്ടിച്ചെടുത്ത സംഭവം ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ജോലി നൽകുന്നവരും ജോലി തേടുന്നവരും ബിസിനസ് ഡീലുകളിൽ ഏർപ്പെടുന്നവരും ഒരുപോലെ ജാഗ്രത പാലിക്കണം എന്നോർമപ്പെടുത്തുന്നതാണ് എട്ടു വർഷം മുൻപ് നടന്ന ഇൗ കഥ.
യു.എ.ഇയിലെ കമ്പനിയിൽ മുന്തിയ ജോലിയും 25000 ദിർഹം ശമ്പളവും നൽകാം എന്ന വാഗ്ദാനം കേട്ടാൽ ഏതു ശരാശരി മലയാളിയാണ് വീണുപോകാത്തത്. വടക്കൻ കേരളത്തിലെ ഹോട്ടൽ ജോലി ചെയ്തിരുന്ന അഷ്റഫ് എന്ന യുവാവിനോട് ഹോട്ടലിൽ വന്ന മാന്യനെന്ന് തോന്നിക്കുന്ന വ്യക്തിയാണ് ഇത്തരമൊരു വാഗ്ദാനം നൽകിയത്. തെൻറ ജീവിതവും കഷ്ടതകളുമെല്ലാം പറഞ്ഞപ്പോൾ എല്ലാ ദുരിതവും തീരും നിന്നെ ഞാൻ സഹായിക്കാം, വലിയ മുതലാളിയാക്കാം എന്നെല്ലാം പറഞ്ഞാണ് ഗൾഫിലേക്ക് കൊണ്ടു വരുന്നത്. വിസക്ക് പണം വാങ്ങിയില്ല മാന്യൻ. 25,000 ദിര്‍ഹം ശമ്പളവും വാഗ്ദാനം. മാന്യമായ വസ്ത്രമണിഞ്ഞ് ഓഫീസില്‍ എത്തുക. മുന്നിലെത്തുന്ന പേപ്പറുകളില്‍ ഒപ്പിടുക. ഇവ മാത്രമായിരുന്നു ആദ്യ ജോലി. പിന്നീട് ഒരുപാട് ചെക്കുകളിലും ഒപ്പിട്ടു നല്‍കി. നാട്ടിലാണെങ്കിൽ പത്തു ദിർഹമിന് തുല്യമായ പണം പോലും ദിവസേന ശമ്പളമില്ലാതിരുന്ന യുവാവ് നേരം ഇരുട്ടി വെളുക്കുേമ്പാഴേക്ക് റാസൽഖൈമ ഫ്രീട്രേഡ് സോൺ അനുവദിച്ച വാണിജ്യ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിൽ സംരംഭകനായി.
ഫിത്വർ സക്കാത്തും തട്ടിപ്പറിക്കുന്നവർ
2011ലെ ഈദുല്‍ഫിത്വര്‍ വേളയിൽ യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഫിത്വര്‍ സകാത്ത് നല്‍കുന്നവര്‍ക്ക് വേണ്ടി മതകാര്യ വകുപ്പിെൻറ അനുമതിയോടെ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. തങ്ങള്‍ക്ക് കുറച്ചധികം കിറ്റുകൾ ആവശ്യമുണ്ടെന്ന് എന്നറിയിച്ച് മലയാളിയായ പി.ജോണ്‍സണ്‍ എന്നയാൾ ഇവരെ സമീപിക്കുന്നു. തെൻറ മുതലാളിയായ കാസര്‍കോട് സ്വദേശി അഷ്റഫ് അബൂബക്കര്‍ പുജൂര്‍ നിർദേശിച്ചതനുസരിച്ചാണ് വന്നതെന്നും പർച്ചേസ് ഒാഫീസർ എന്നു പരിചയപ്പെടുത്തിയ യുവാവ് പറയുന്നു. മൂന്ന് കിലോ ഗ്രാം അരിയും രണ്ട് കിലോ ഗ്രാം പഞ്ചസാരയും അടങ്ങുന്ന 5200 കിറ്റുകളാണ് ഇവർക്ക് വേണ്ടത്. 28 ദിര്‍ഹം നിരക്കില്‍ 1,45,600 ദിര്‍ഹമിനുള്ള ഓര്‍ഡര്‍. പണം റൊക്കമില്ല. ഒരു മാസത്തെ കാലയളവിലുള്ള ചെക്ക് തരും. കോടികളുടെ ബിസിനസ് നടത്തുന്ന ഹൈപ്പർമാർക്കറ്റിനെ സംബന്ധിച്ച് ഇത് അത്ര അതുല്യ ഒാർഡർ ഒന്നുമല്ല. എന്നിരിക്കിലും നല്ല ഒരു ബിസിനസ് ആണെന്നു തോന്നി. കച്ചവടം തീരുമാനം ആക്കും മുൻപ് സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. രണ്ട് സ്ഥലങ്ങളിലുള്ള സ്ഥാപനത്തിെൻറ വെയര്‍ ഹൗസുകളില്‍ സന്ദര്‍ശനം നടത്തി ബാങ്കില്‍ സ്ഥാപനത്തിെൻറ ട്രാന്‍സാക്ഷന്‍ വിവരങ്ങളും തിരക്കി, തൃപ്തികരമാണ്. ഇടപാട് നടക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളെല്ലാം കൃത്യം. ഒാർഡർ പ്രകാരമുള്ള കിറ്റുകൾ വെയര്‍ഹൗസുകളില്‍ എത്തിച്ചു െകാടുത്തു. ചെക്ക് ബാങ്കിൽ കൊടുക്കുന്നതിനു മുൻപായി അഷ്റഫുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. ഫണ്ട് ഉണ്ട്, സമര്‍പ്പിച്ചോളു. നാട്ടില്‍ പോകുന്നു. ഈദ് കഴിഞ്ഞ് കാണാമെന്ന് മറുപടിയും കിട്ടി. പറഞ്ഞ അവധിയിൽ ചെക്ക് ബാങ്കിലെത്തിച്ചപ്പോൾ ചെക്ക് മടങ്ങി. ഫോണിൽ വിളിച്ചപ്പോൾ കിട്ടുന്നില്ല.
സമയം പാഴാക്കാതെ അഷ്റഫിെൻറ കോര്‍ക്വെയറിലെ സ്ഥാപനത്തിൽ ചെന്നു നോക്കി. ഇൗ സ്ഥാപനം അന്വേഷിച്ച് എത്തുന്ന പത്താമത്തെയാളാണ് താങ്കളെന്ന് സെക്യൂരിറ്റി ജീവനക്കാര െൻറ മറുപടി. മാനേജര്‍ വേലായുധന്‍ ഇന്ദ്രകുമാര്‍, എല്‍.പി.ഒ തയാറാക്കിയ മീര, ഓര്‍ഡര്‍ അയച്ച പി. ജോണ്‍സണ്‍^ഒരാളുടെയും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. നേരേ കിറ്റുകള്‍ ഇറക്കിയ ഗോഡൗണിലേക്ക് പോയി. ബിസിനസ് ഉറപ്പിക്കുന്നതിന് പോയ സമയം ചരക്കുകള്‍ നിറഞ്ഞു കിടന്നിരുന്ന ഗോഡൗണ്‍ ശൂന്യം. വിദഗ്ധമായി ചതിക്കപ്പെട്ടുവെന്ന് വ്യക്തമായി. റാക് ഫ്രീ ട്രേഡ് സോണ്‍ അധികൃതരുടെ നിർദേശാനുസരണം പൊലീസില്‍ പരാതി നല്‍കി. വിവാഹ അന്വേഷണമെന്ന മട്ടിൽ നാട്ടിൽ അഷ്റഫിനെക്കുറിച്ച് തിരക്കി. അദ്ദേഹമിപ്പോള്‍ ദുബൈയില്‍ നല്ല ബിസിനസ് സെറ്റപ്പിലാണെന്ന് വിവരം ലഭിച്ചു. കാസര്‍കോഡ് കുമ്പളയിലാണ് വീടെന്നറിഞ്ഞ് അവിടെ ചെന്നു നോക്കുേമ്പാൾ കരളലിയിക്കുന്ന കാഴ്ച്ച. കീറിയ ഉടുതുണിയുമായി അഷ്റഫിെൻറമാതാവ്. വിദ്യാര്‍ഥിനിയായ സഹോദരി. ഇപ്പോൾ നിലം പതിക്കുമെന്ന മട്ടിലൊരു വീട്.
സിനിമയല്ലിത് ജീവിതം
അഷ്റഫിനെ നേരിൽ കണ്ട സന്ദർഭം^ സിനിമാ കഥകളെ വെല്ലുന്ന ക്ലൈമാക്സ് രംഗമായിരുന്നു. യുവാവ് ഒരു കടവിൽ കള്ളമണൽ വാരി ലോറിയിൽ നിറക്കുന്ന തിരക്കിലായിരുന്നു. വണ്ടിയില്‍ വിളിച്ചു കയറ്റി അഷ്റഫുമായി സംസാരിച്ചു. കുടുക്കാന്‍ തനിക്ക് ഉദേശ്യമില്ലെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ടു. താന്‍ വന്‍ ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് അഷ്റഫിെൻറ കുമ്പസാരം. ഗൾഫിലെത്തിയാൽ കഷ്ടപ്പാടെല്ലാം തീരുമെന്ന വാക്കു വിശ്വസിച്ചുപോയതാണ് കുടുക്കായത്.വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളത്തില്‍ 5000 ദിര്‍ഹം മാത്രമാണ് ലഭിച്ചത്. കുറെ ചെക്ക് ലീഫുകളില്‍ ഒപ്പിട്ടു നല്‍കിയതോടെ അയാൾ പറയുന്നതെന്തും അനുസരിച്ചേ മതിയാവൂ എന്ന സ്ഥിതി വന്നു. ഒാർഡർ എടുക്കാൻ വന്ന ജോൺസനുൾപ്പെടെ ജീവനക്കാരെല്ലാം സന്ദര്‍ശക വിസയിലുള്ളവരായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനെ ചെന്ന് കണ്ടു. തികഞ്ഞ പുച്ഛത്തോടെയായിരുന്നു മറുപടികൾ. ഇൗ പറയുന്നതിനൊക്കെ തെളിവുണ്ടോ, താൻ പണമോ വസ്തുക്കളോ വാങ്ങിയിട്ടുണ്ടോ എന്നിങ്ങനെ... ഇയാൾക്കെതിരെ രേഖകളും തെളിവുകളുമില്ലാത്തതിനാല്‍ മുന്നോട്ടു പോയിട്ടും കാര്യമില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. ഇതിനു മുൻപ് ഇതേ ആൾ മറ്റു ചില സാധുക്കളെ മറയാക്കി മറ്റൊരു മലയാളിയിൽ നിന്ന് എട്ട് ലക്ഷം ദിര്‍ഹം തട്ടിച്ചിട്ടുണ്ടെന്നും വ്യക്തമായി. അഷ്റഫിനെ യു.എ.ഇയിൽ എത്തിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച കേസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ
അവസാനം അഷ്റഫിന് എന്തു സംഭവിച്ചു?
ഇൗ കഥ ഇത്രയും വായിച്ച സ്ഥിതിക്ക് അഷ്റഫ് ഇപ്പോൾ എവിടെയുണ്ട് എന്നും അഷ്റഫിനെ ഇവിടെയെത്തിച്ച് ആ വഞ്ചക വ്യക്തിയെ പിടികൂടിക്കൂടേ എന്നും സ്വാഭാവികമായി സംശയം വരാം. ഹോട്ടലിൽ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് ഉമ്മക്ക് മരുന്നും അനിയത്തിയുടെ പഠന ചെലവും നടത്തി വന്ന അഷ്റഫ് യു.എ.ഇയിൽ വന്ന് ഇൗ തട്ടിപ്പിൽ കരുവായി മടങ്ങിപ്പോയപ്പോഴേക്ക് ആ ജോലി നഷ്ടമായിരുന്നു. പിന്നീട് മണൽ വാരലിനിറങ്ങി. അതും നടക്കാതെ വന്നപ്പോൾ മറ്റു വഴികൾ തേടി. 2011 നവംബറിൽ ഇറങ്ങിയ മലയാള പത്രങ്ങളിൽ അഷ്റഫിെൻറ ചിത്രമുണ്ടായിരുന്നു. കഞ്ചാവ് കടത്തു കേസിൽ പിടിയിലായ വാർത്തക്കൊപ്പം. ഒരു പട്ടിണിപ്പാവത്തെയും ഹൈപ്പർമാർക്കറ്റ് മുതലാളിയേയും പിന്നെ അനേകം പേരെയും വഞ്ചിച്ച മഹാ ബുദ്ധിശാലി ഇൗ കുറിപ്പ് വായിക്കുന്നുണ്ടാവും. കൂടുതൽ പേരെ വഞ്ചിക്കുന്നതിനെക്കുറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടാവും. ഇത്തരം കുടില ഹൃദയർ എക്കാലത്തും എല്ലായിടത്തുമുണ്ടാവും^സ്വയം സൂക്ഷിക്കുകയേ മാർഗമുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.