മഞ്ഞക്കടലിരമ്പിയ രാവ്
text_fieldsദുബൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാണോ എന്ന് സംശയമുണർത്തുന്ന രീതിയിലായിരുന്നു വെള്ളിയാഴ്ച രാത്രി ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആളും ആരവവും. ഐ.പി.എല്ലിെൻറ കലാശപ്പോരിൽ കൊൽക്കത്തയും ചെന്നൈയും ഏറ്റുമുട്ടിയപ്പോൾ ഗാലറി മഞ്ഞക്കടലായി. ഗാലറിയുടെ താഴ്ഭാഗം കൂടി തുറന്നുകൊടുത്തതോടെ ടിക്കറ്റെടുത്തവരിൽ 90 ശതമാനവും ചെന്നൈ ഫാൻസായിരുന്നു. അവരുടെ ഇടയിൽ അപൂർവമായി മാത്രം കൊൽക്കത്തൻ ജഴ്സികളും കാണാമായിരുന്നു.
ലോകത്തെവിടെ പോയാലും ചെന്നൈ ഫാൻസ് അവിടെ എത്തുമെന്നാണ് മത്സരശേഷം നായകൻ ധോനി പറഞ്ഞത്. ദക്ഷിണാഫ്രിക്കയിൽ ഐ.പി.എൽ കളിച്ചപ്പോൾ അവിടെയും ചെന്നൈ ആഘോഷിച്ചു. ഇപ്പോൾ ദുബൈയിലും. ഈ ഫാൻസാണ് കരുത്തെന്നും അടുത്ത സീസണിൽ സ്വന്തം ഗ്രൗണ്ടിൽ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധോനി പറഞ്ഞു. മഞ്ഞപ്പടക്ക് ആഘോഷിക്കാനുള്ളതെല്ലാം നൽകിയാണ് ചെന്നൈ അവരെ യാത്രയാക്കിയത്. ആദ്യ ഓവർ മുതൽ തകർത്തടിച്ച ഫാഫ് ഡ്യൂപ്ലസിയും ഗെയ്ക്ക്വാദും തുടങ്ങിവെച്ച ആഘോഷം ഉത്തപ്പയും മൊയീൻ അലിയും ഏറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ കൊൽക്കത്തൻ ഓപണർമാർ ആക്രമണം തുടങ്ങിയപ്പോൾ ഗാലറി അൽപനേരം നിശ്ശബ്ദമായി. ഈ സമയത്ത് മാത്രമാണ് കൊൽക്കത്തൻ പതാകകൾ ഉയർന്നത്.
എന്നാൽ, തുടർച്ചയായ വിക്കറ്റ് വീണു തുടങ്ങിയതോടെ കളം വീണ്ടും ചെന്നൈ ഗാലറി പിടിച്ചെടുത്തു. ഇടക്കിടെ മെക്സിക്കൻ തിരമാലകളും ഗാലറിയിൽ അടിച്ചുവീശി. 17 ഓവർ കഴിഞ്ഞപ്പോഴേ ചെന്നൈ ജയം ഉറപ്പിച്ചിരുന്നു. ഇതോടെ ഗാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആഘോഷം തുടങ്ങി. അവസാന പന്തും എറിഞ്ഞുതീർത്ത് ധോനിപ്പട കിരീടം ചൂടിയപ്പോൾ മഞ്ഞക്കടൽ ആർത്തിരമ്പി. മത്സരം കഴിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞായിരുന്നു ഐ.പി.എൽ ട്രോഫി സമ്മാനിച്ചതെങ്കിലും കിരീടം ഏറ്റുവാങ്ങുന്നതും കാത്ത് കാണികൾ ഗാലറിയിൽ തന്നെ തുടർന്നു. ചെന്നൈയുടെ ആഘോഷം പൂർണമാക്കിയാണ് അവർ ഗാലറി വിട്ടത്. ആവേശം പകരാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിെൻറ മകനും എം.എൽ.എയും നടനുമായ ഉദയനിധി സ്റ്റാലിനും ഗാലറിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.