പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്
text_fieldsഷാർജ: വിഡിയോ എത്ര വേണമെങ്കിലും കാണാം, പുസ്തകം വായിക്കാൻ വയ്യ എന്നതാണ് പുതിയ കാലത്തെ കൗമാരക്കാരുടെ നിലപാടെന്ന് പ്രമുഖ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. തലച്ചോർ ഉപയോഗിക്കുന്നില്ല എന്നതാണ് യുവ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളി.
ഗാഡ്ജറ്റുകൾ കുട്ടികളെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സ്പോ സെന്ററിലെ കോൺഫറൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രണയം ആസ്പദമാക്കി തന്റെ പുതിയ നോവൽ അടുത്ത വർഷം പുറത്തിറങ്ങും. ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ്’ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.
ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ് അത്യന്താപേക്ഷിതമാണെന്ന് ചേതൻ പറഞ്ഞു. നെറ്റ് വർക്കിങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാകണമെന്നില്ല. എന്നാൽ, ഔദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കും.
തന്റെ ആദ്യ സിനിമ തന്നെ നടി വിദ്യാബാലനുമായി തുടങ്ങിയ നെറ്റ് വർക്കിങ്ങിന്റെ ഫലമാണെന്ന് ചേതൻ വെളിപ്പെടുത്തി. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ഉന്നയിച്ച ചോദ്യങ്ങൾക്ക് സരസമായും സഗൗരവമായും അദ്ദേഹം മറുപടി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരൻ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.