ലോകകപ്പ് വിജയാഘോഷം; നുഴഞ്ഞുകയറിയ ഷെഫിന് വിലക്ക്
text_fieldsദുബൈ: അർജന്റീനൻ ടീമിന്റെ വിജയാഘോഷം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ നുഴഞ്ഞുകയറി താരങ്ങൾക്കൊപ്പം സെൽഫിയെടുത്ത ദുബൈയിലെ സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്ക് വിലക്ക്. യു.എസ് ഓപൺ കപ്പ് ഫൈനലിൽനിന്നാണ് പാചക വിദഗ്ധൻ കൂടിയായ സാൾട്ട് ബേയെ വിലക്കിയത്. ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, റൊമേരോ തുടങ്ങിയ താരങ്ങൾക്കൊപ്പം നിൽക്കുന്ന സാൾട്ട് ബേയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
ലോകകപ്പ് ട്രോഫിയുമേന്തി നിൽക്കുന്ന ചിത്രങ്ങളും ഇയാൾ പുറത്തുവിട്ടിരുന്നു. താരങ്ങളുടെ മെഡൽ കടിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.
ടർക്കിഷ് പാചക വിദഗ്ധനായ സാൾട്ട് ബേ ദുബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 49 ദശലക്ഷം ഫോളോവേഴ്സുള്ള സാൾട്ട് ബേക്ക് ഗ്രൗണ്ടിൽ കയറാൻ അനുമതിയുണ്ടായിരുന്നില്ല. മെസ്സി ഉൾപ്പെടെയുള്ള താരങ്ങളുടെ പിറകെ സെൽഫി എടുക്കുന്നതിനായി നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 20 ദശലക്ഷം ഡോളർ വിലമതിക്കുന്ന 18 കാരറ്റ് സ്വർണട്രോഫി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ തൊടാൻ അവസരമുള്ളൂ. ഫിഫയുടെ നിയമാവലി പ്രകാരം, ഫിഫ ലോകകപ്പ് മുൻ ജേതാക്കൾക്കും രാഷ്ട്രത്തലവന്മാർക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും വിജയികൾക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും കൈവശം വെക്കാനും അനുവാദമുള്ളൂ.
താരങ്ങളുടെ കുട്ടികൾക്കൊപ്പം നിന്നും ഇയാൾ ചിത്രം എടുക്കുന്നുണ്ട്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ഇൻഫന്റീനോ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കർ ടൂർണമെന്റായ യു.എസ് ഓപൺ കപ്പിൽ നിന്നാണ് ഇപ്പോൾ സാൾട്ട് ബേയെ വിലക്കിയത്. അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ടൂർണമെന്റ് കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.