വേൾഡ് മലയാളി കൗൺസിൽ ‘കാരുണ്യ ഭവനം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: വേൾഡ് മലയാളി കൗൺസിൽ 14ാമത് ബൈനിയൽ ഗ്ലോബൽ കോൺഫറൻസും മിഡിൽ ഈസ്റ്റ് റീജ്യൻ ‘കാരുണ്യ ഭവനം പദ്ധതി’യും തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയുടെ അധ്യക്ഷതയിൽ ആഗസ്റ്റ് രണ്ടിനാണ് ചടങ്ങ്.
ഡോ. പി.എ. ഇബ്രാഹീം ഹാജിയുടെ സ്മരണാർഥമാണ് ‘കാരുണ്യ ഭവനം പദ്ധതി’ രൂപപ്പെടുത്തിയത്. പദ്ധതിയിൽ പൂർത്തീകരിച്ച ആദ്യ അഞ്ചു വീടുകളുടെ താക്കോൽ ദാനം ഗ്ലോബൽ കോൺഫറൻസിൽ മുഖ്യമന്ത്രി നിർവഹിക്കും. ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഫുജൈറ എന്നീ പ്രൊവിൻസുകളാണ് കേരളത്തിലെ അർഹരായ അപേക്ഷകർക്ക് ഭവനം നിർമിച്ച് നൽകുന്നത്.
പദ്ധതിയിൽ 50 വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഗൾഫാർ മുഹമ്മദലിക്ക് ഡോ. പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് സമ്മാനിക്കും. കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനുമായ പ്രഭാ വർമക്ക് ‘സാഹിത്യ പുരസ്കാരം’ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരള സർക്കാർ സംരംഭമായ കേരള നോളജ് ഇക്കണോമി മിഷനും കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി ആഗോള തലത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണപത്രം ഒപ്പുവെച്ചുവെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, മിഡിൽ ഈസ്റ്റ് റീജ്യൻ ഭാരവാഹികളായ ഷൈൻ ചന്ദ്രസേനൻ (പ്രസിഡന്റ്), ഡോ. ജെറോ വർഗീസ് (സെക്രട്ടറി), മനോജ് മാത്യു(ട്രഷറർ), രാജേഷ് പിള്ള (ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ഡയസ് ഇടിക്കുള (മീഡിയ കോഓഡിനേറ്റർ), ജിതിൻ അരവിന്ദാക്ഷൻ (പ്രസിഡൻറ്, യൂത്ത് ഫോറം), ബാവാ റേച്ചൽ (പ്രസിഡൻറ്, വുമൺസ് ഫോറം) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.