അബൂദബിയിൽ ശിശുസംരക്ഷണ കേന്ദ്രം നിർമിക്കും
text_fieldsഅബൂദബി: കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയുന്നതിനും കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി അബൂദബിയിൽ ശിശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കും. കുടുംബ പരിചരണ അതോറിറ്റിയും നാല് സർക്കാർ സ്ഥാപനങ്ങളും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാനും അബൂദബി ഏർലി ചൈൽഡ് ഹുഡ് അതോറിറ്റി ചെയർമാനുമായ ശൈഖ് തിയാബ് ബിൻ സായിദ് ആൽ നഹ്യാൻ ചടങ്ങിൽ സംബന്ധിച്ചു.
സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെ ബുദ്ധിമുട്ടേറിയ കേസുകൾ തുടക്കത്തിൽതന്നെ കണ്ടെത്താനും ഇടപെടാനും അവസരമൊരുക്കുകയാണ് ശിശുകേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതുവഴി അബൂദബിയിലെ ഓരോ കുട്ടിയുടെയും സുരക്ഷയും സംരക്ഷണവും ക്ഷേമവും ഒക്കെ ഉറപ്പുവരുത്തും. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷക്കുമാണ് പ്രഥമ പരിഗണനയെന്ന് ശൈഖ് തിയാബ് പറഞ്ഞു.
കുട്ടികൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും മറ്റ് അപകടങ്ങളെക്കുറിച്ചും അവ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെയുള്ള സാമൂഹിക ബോധവത്കരണത്തിൽ ശിശു കേന്ദ്രം ശ്രദ്ധപുലർത്തും. ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ അൽ ഖൈതി, കുടുംബ പരിചരണ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ബുഷ്റ അൽ മുല്ല തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി അബൂദബിയില്‍ പ്രത്യേക മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ മുമ്പ് അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ അനുമതി നല്‍കിയിരുന്നു. ശിശുരോഗ വിഭാഗം, നവജാതശിശുക്കളുടെ ആരോഗ്യ പരിചരണം, പുനരധിവാസ കേന്ദ്രം, സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയവയുടെ സംഗമ കേന്ദ്രം കൂടിയാവും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി.
അബൂദബിയുടെ ആരോഗ്യ പരിരക്ഷ സംവിധാനത്തിലേക്ക് സുപ്രധാന കൂട്ടിച്ചേര്‍ക്കലും എമിറേറ്റിലെ ആരോഗ്യരക്ഷ അടിസ്ഥാന സൗകര്യത്തിന്റെ ശക്തിപ്പെടുത്തലുമായിരിക്കും പദ്ധതി. കേന്ദ്രത്തില്‍ 200ലേറെ ഡോക്ടര്‍മാര്‍ ഉണ്ടാവും. ഇവരില്‍ ഓങ്കോളജി, ഒഫ്താല്‍മോളജി, ന്യൂറോ സര്‍ജറി, കരള്‍, വൃക്ക, കുടല് മാറ്റിവെക്കല്‍, ഗ്യാസ്ട്രോ എന്‍ട്രോളജി, കാര്‍ഡിയോളജി എന്നിങ്ങനെ 29 സ്പെഷലൈസ്ഡ് ഡോക്ടര്‍മാരും ഉള്‍പ്പെടും. ഈ കേന്ദ്രത്തില്‍ 250 കിടക്കകള്‍ ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.