ഈദുൽ ഇത്തിഹാദ് ദിനങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ചൈൽഡ് സീറ്റ് സമ്മാനം
text_fieldsദുബൈ: യു.എ.ഇയുടെ 53ാം ദേശീയ ദിന ആഘോഷ വേളകളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ചൈൽഡ് കാർ സീറ്റുകൾ സമ്മാനമായി നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെ തീയതികളിൽ ദുബൈയിലെ 24 ആശുപത്രികളിലായി ജനിച്ച 450 കുഞ്ഞുങ്ങളുടെ അമ്മമാർക്കാണ് ആർ.ടി.എയുടെ സ്നേഹസമ്മാനം.
ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി, യൂനിസെഫ് എന്നിവയുടെ പിന്തുണയോടെ ‘ഈദുൽ ഇത്തിഹാദിൽ എന്‍റെ കുട്ടിയുടെ സമ്മാനം’ എന്ന പേരിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
വർഷംതോറും ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന ആഘോഷ ദിനങ്ങളിൽ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആശുപത്രികൾക്ക് ചൈൽഡ് കാർ സീറ്റുകൾ വിതരണം ചെയ്യാറുണ്ടെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ദുബൈ ട്രാഫിക് സ്ട്രാറ്റജിക്ക് കീഴിൽ വരുന്ന കമ്യൂണിറ്റി ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ സംരംഭത്തിന് കീഴിൽ 2000 കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ കുഞ്ഞുങ്ങൾ നിശ്ചിത കാർ സീറ്റുകളിൽ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും സി.ഇ.ഒ പറഞ്ഞു. അടുത്തിടെ ആഗോളതലത്തിൽ നടന്ന പഠനത്തിൽ ചൈൽഡ് കാർ സീറ്റുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ കുട്ടികളിൽ 54 മുതൽ 71 ശതമാനം വരെ പരിക്ക് കുറക്കാൻ സാധിച്ചതായി കണ്ടെത്തിയിരുന്നു. കൂടാതെ നാലു മുതൽ എട്ട് വരെയുള്ള കുഞ്ഞുങ്ങളിൽ ട്രാഫിക്കുമായി ബന്ധപ്പെട്ട പരിക്ക് 45 ശതമാനം കുറക്കാനും സഹായിച്ചു.
അതേസമയം, ഡ്രൈവിങ് വേളകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അമ്മമാരോട് സി.ഇ.ഒ അഭ്യർഥിച്ചു. പത്ത് വയസ്സിന് താഴേയുള്ളതോ 145 സെന്‍റിമീറ്ററിന് താഴേയുള്ളതോ ആയ കുഞ്ഞുങ്ങളെ മുൻ സീറ്റിൽ ഇരുത്തുന്നത് 400 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.
കൂടാതെ അനുയോജ്യമായ ചൈൽഡ് സീറ്റില്ലാതെ നാലു വയസ്സിന് താഴെയുള്ള കുട്ടികളെ കാറിൽ കൊണ്ടുപോകുന്നതും 400 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ദേശീയ ദിന ആഘോഷ വേളകളിൽ ജനിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ചൈൽഡ് കാർ സീറ്റുകൾ വിതരണം ചെയ്യുന്നുചൈൽഡ് സീറ്റില്ലാതെ നാലു വയസ്സിന് താഴെയുള്ള കുട്ടികളെ കാറിൽ കൊണ്ടുപോകുന്നതും 400 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.