കുട്ടികളുടെ ഇമ്മിണി ബല്യ ലോകം
text_fieldsകുട്ടിക്കഥകളുടെ വലിയൊരു പുസ്തകം തുറന്നുവെച്ചിരിക്കുകയാണ് ഷാർജ. ഈ പുസ്തകം വായിക്കാനും ഇവിടെയുള്ള കഥകൾ കേൾക്കാനും ഷാർജ എക്സ്പോ സെന്ററിലേക്ക് കുട്ടികൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചക്കപ്പുറം അവസാനിക്കുന്ന മേള പകർന്നു നൽകുന്നത് പുത്തൻ അറിവുകളും പുതു പാഠങ്ങളും നവീന ആശയങ്ങളുമാണ്. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള അരങ്ങേറുന്നത്.
വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. സ്കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തും. മേഖലയിലെ ആദ്യത്തെ ആനിമേഷൻ കോൺഫറൻസിനും ഇക്കുറി വായനോത്സവം വേദിയൊരുക്കി. ഇറ്റലിയിലെ ബെർഗാമോ ആനിമേഷൻ ഡേയ്സ് (ബാഡ്) ഫെസ്റ്റിവലിന്റെ പങ്കാളിത്തത്തോടെ നടന്ന പരിപാടി കഴിഞ്ഞ ദിവസം സമാപിച്ചു. നിരവധി പ്രശസ്ത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്. ഇംഗ്ലീഷ് ബാലസാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായ ബട്ടം ഫിംഗേഴ്സിന്റെയും ലിസാർഡ് ഓഫ് ഓസിന്റെയും രചയിതാവ് എ. ഖൈറുന്നിസയാണ് ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖ. തമിഴ്നാട് സ്വദേശിയായ ഖൈറുന്നിസ പാതി മലയാളിയാണ്. ഇന്ത്യൻ എഴുത്തുകാരി സുധ മൂർത്തിയാണ് മറ്റൊരു പ്രമുഖ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ കൂടിയാണ് സുധ മൂർത്തി.
പവർ ഓഫ് യോഗയുടെ എഴുത്തുകാരി യാമിനി മുതന്ന, ഡോ. വത്സല എന്നിവരാണ് മറ്റൊരു ഇന്ത്യൻ സാന്നിധ്യം. ബ്രിട്ടീഷ്, അമേരിക്കൻ എഴുത്തുകാരായ റോസ് വെൽഫോഡ്, ജാസ്മിൻ വർഗ, കനേഡിയൻ എഴുത്തുകാരൻ ഷാരോൺ കാമറൂൺ, അമേരിക്കിയുടെ ചെറി ജെ മെയ്നേഴ്സ്, ബ്രിട്ടീഷ് എഴുത്തുകാരി എല്ലീ റോബിൻസൺ, കെനിയയിൽ നിന്ന് ഷികോ എൻഗുരു, സ്കോട്ട്ലാൻഡിൽ നിന്ന് റോസ് മക്കൻസി, ഫ്രഞ്ച് എഴുത്തുകാരൻ ഡോ. ഫാബ്രൈസ് ജോമോണ്ട്, യു.കെയിൽ നിന്ന് തിമോത്തി ക്നാപ്മാൻ, മെക്സിക്കൻ എഴുത്തുകാരൻ ഫ്രാൻസിസ്ക മെൻഡിസ് എന്നിവരും വായനോത്സവത്തെ സമ്പന്നമാക്കുന്നു.
93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉൾപ്പടെ 141 പ്രസാധകർ ഇക്കുറി പങ്കെടുക്കുന്നുണ്ട്. 77 പ്രസാധകരുമായി യു.എ.ഇ ആണ് ഒന്നാം സ്ഥാനത്ത്. 12 പ്രസാധകരുമായി ലെബനൻ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ, സിറിയ, യു.കെ, ജോർഡൻ, സൗദി അറേബ്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ഇറാഖ് എന്നിവയാണ് മറ്റു പ്രധാന രാജ്യങ്ങൾ.
16 രാജ്യങ്ങളിലെ 16 അതിഥികൾ നയിക്കുന്ന 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയും അരങ്ങേറും. അക്ബർ ദി ഗ്രേറ്റ് നഹി രഹേ എന്ന ഇന്ത്യൻ കോമഡി നാടകം, കുട്ടികളുടെ ഷോ ‘മസാക്ക കിഡ്സ് ആഫ്രിക്കാന’, കുക്കറി കോർണർ, ശിൽപശാല, റോമിങ് ഷോകൾ തുടങ്ങിയവ അരങ്ങേറുന്നുണ്ട്. വായിക്കാൻ മാത്രമല്ല, കുട്ടികൾക്ക് വിനോദത്തിനുള്ള പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.
സമയം
ഷാർജ എക്സപോ സെന്ററിലാണ് വായനോത്സവം നടക്കുന്നത്. മേയ് 14ന് സമാപിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രവേശനം. പാർക്കിങും പ്രവേശനവും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.