വേനലവധി; കുട്ടികളെ നീന്തൽ പഠിപ്പിച്ച് മുനിസിപ്പാലിറ്റി
text_fieldsഅബൂദബി: വേനൽക്കാല അവധിയിൽ അബൂദബിയിലെ കുട്ടികൾക്ക് നീന്തൽപരിശീലനം നൽകി. വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. അൽ ബതീൻ ബീച്ചിൽ അബൂദബി സിറ്റി മുനിസിപ്പാലിറ്റി ഒരുക്കിയ നീന്തൽപരിശീലന പരിപാടിയിൽ ആറിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പങ്കെടുത്തത്. അബൂദബി ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു രണ്ടാഴ്ചത്തെ നീന്തൽ പരിശീലനം. എങ്ങനെ നന്നായി നീന്താം എന്നതിന്റെ വിശദനിർദേശങ്ങൾ കുട്ടികൾക്ക് നൽകിയ അധികൃതർ അവരുടെ നീന്തൽശേഷി വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയും അതിലുള്ള തെറ്റുകൾ തിരുത്താനും പരിശീലനകാലം ഉപയോഗപ്പെടുത്തി.
അവധിക്കാലങ്ങൾ വ്യായാമം ചെയ്യാൻ കുട്ടികൾക്ക് പ്രചോദനം പകരുകയെന്ന ലക്ഷ്യവും നീന്തൽപരിശീലനത്തിനു പിന്നിലുണ്ടായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികൾക്ക് അനേകം അറിവുകൾ പകർന്നുനൽകിയ പരിശീലകർ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും കായിക, ശാരീരിക കഴിവുകൾ വികസിപ്പിച്ചെടുക്കാൻ കുട്ടികളെ ഉദ്ബുദ്ധരാക്കുകയും ചെയ്തു. എമിറേറ്റിലെ കുട്ടികൾക്കായി വേനൽക്കാല ക്യാമ്പുകളും വിനോദപരിപാടികളും സംഘടിപ്പിച്ചിരുന്നു. അബൂദബിയിലെ ഖസർ അൽ ഹോസൻ, അൽഐനിലെ അൽ ഖത്താര കലാകേന്ദ്രം എന്നിവിടങ്ങളിലാണ് കുട്ടികൾക്കായി ക്യാമ്പുകളും വിനോദപരിപാടികളും ഒരുക്കിയത്.
അബൂദബി ചിൽഡ്രൻസ് ലൈബ്രറിയും ഹൗസ് ഓഫ് ആർട്ടിസാൻസും സംയുക്തമായാണ് അൽ ഹോസൻ വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചത്. പരമ്പരാഗതവും ആധുനികവുമായ സങ്കേതങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ഗ്ലാസ് പെയിന്റിങ്, ഒറിഗാമി, കരകൗശലവസ്തു നിർമാണം തുടങ്ങിയ കാര്യങ്ങളാണ് പഠിപ്പിച്ചത്.
അൽഐനിലെ അൽ ഖത്താര കലാകേന്ദ്രത്തിൽ ആഗസ്റ്റ് 18 വരെയാണ് കുട്ടികൾക്കായി വിവിധ പരിപാടികൾ നടത്തിയത്. ബഹിരാകാശം, പ്രകൃതി, പുരാവസ്തു, നാടകം-അഭിനയം ഇങ്ങനെ നാലുവിഭാഗങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഓയിൽ പെയിന്റിങ്, കാലിഗ്രഫി, വയലിൻ, ഖാനൂൻ തുടങ്ങി നിരവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. മിനാ സായിദിലെ ആർട്സ് ആൻഡ് ഡിസൈൻ സെന്ററിലും കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.