കുട്ടികള്‍ ഭാവിയുടെ പ്രതീക്ഷ -ശൈഖ് സഊദ്
text_fieldsറാസല്‍ഖൈമ: വിദ്യാര്‍ഥികളുമായി സംവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. കുട്ടികളുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തിയ ശൈഖ് സഊദ് അവര്‍ക്കൊപ്പം വൃക്ഷത്തൈ നടീല്‍ പരിശീലനത്തിലും ഒപ്പം ചേര്‍ന്നു.
ഖുസാം റാക് അക്കാദമി ഇന്റര്‍നാഷനല്‍ പ്രൈമറി സ്കൂള്‍ ഗ്രേഡ് ഒന്നിലെ വിദ്യാര്‍ഥികളെയാണ് ശൈഖ് സഊദ് സ്വീകരിച്ചത്. വര്‍ത്തമാനകാലത്തെ നമ്മുടെ സന്തോഷത്തെ പ്രതിനിധാനം ചെയ്യുന്ന കുട്ടികള്‍ ശോഭനമായ ഭാവിയുടെ പ്രതീക്ഷകളാണ്. നൂതനമായ രീതികളിലൂടെ വിദ്യ പകര്ന്നുനല്കുന്നതിനൊപ്പം സന്തുലിതമായ വ്യക്തിത്വം കരുപ്പിടിപ്പിക്കാനുതകുന്ന ഘടകങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്ന് ശൈഖ് സഊദ് ഓര്‍മിപ്പിച്ചു.
മക്കള്‍ക്ക് സന്തോഷകരമായ ബാല്യകാലം നല്കാന് നാം പ്രതിജ്ഞാബദ്ധമാണ്. കായിക വിനോദങ്ങള്‍, ഇഷ്ടപ്പെട്ട പ്രദേശങ്ങള്‍, ഭാവിയെക്കുറിച്ച പ്രതീക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച് ചോദിച്ചറിഞ്ഞ ഭരണാധിപന് പുസ്തകങ്ങള്‍ വായിച്ച് അറിവ് വികസിപ്പിക്കണമെന്ന് കുട്ടികളെ ഉപദേശിച്ചു. ചിന്തകളും വികാരങ്ങളും കുടുംബാംഗങ്ങളോട് പങ്കുവെക്കുക. സ്നേഹാനുകമ്പ, സത്യസന്ധത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുക തുടങ്ങിയ ഉപദേശങ്ങളും ശൈഖ് സഊദ് കുട്ടികള്‍ക്ക് നല്കി.
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധവും സുസ്ഥിരതയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുമാണ് കുട്ടികള്‍ക്കൊപ്പം വൃക്ഷത്തൈകള്‍ നട്ടതിലൂടെ ശൈഖ് സഊദ് ലക്ഷ്യമിട്ടത്. യു.എ.ഇയുടെ പൈതൃകവൃക്ഷമായ സമര് തൈകളാണ് നട്ടുപിടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.