എമിഗ്രേഷൻ വിവരങ്ങൾ കുട്ടികൾക്കും ചോദിച്ചറിയാം
text_fieldsദുബൈ: ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി കുട്ടികൾക്ക് സംവദിക്കാൻ വഴിയൊരുക്കുന്ന പ്രത്യേക കാൾ സെന്ററിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റിസഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ഏഴിനും 12നും ഇടയിലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പുതിയ സർവിസ് സെന്റർ ആരംഭിച്ചിരിക്കുന്നത്. വിസ, പാസ്പോർട്ട് എന്നിവ പുതുക്കുന്നത് സംബന്ധിച്ചും യാത്ര നടപടിക്രമങ്ങളെ കുറിച്ചും തനിച്ച് യാത്ര ചെയ്യാൻ പറ്റുന്ന ദുബൈയിലെ വിവിധ ഡെസ്റ്റിനേഷനുകളെ കുറിച്ചുമുള്ള സംശയനിവാരണത്തിന് കാൾ സെന്ററിൽ സൗകര്യമുണ്ട്. കുട്ടികളുമായുള്ള ഇടപെടലിലൂടെ പുതിയ ആശയങ്ങൾ അറിയാനും ഭാവിയിൽ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജി.ഡി.ആർ.എഫ്.എയുടെ സാമൂഹിക ക്ഷേമ വിഭാഗം തലവൻ ലഫ്. കേണൽ ഖലീൽ ഐ മുഹമ്മദ് പറഞ്ഞു. ദുബൈ വിമാനത്താവളത്തിലെ മുഴുവൻ ടെർമിനലുകളിലും പ്രവർത്തിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ട് കൺട്രോൾ കൗണ്ടറിനോട് ചേർന്നാണ് കാൾ സെന്ററിന്റെയും പ്രവർത്തനം. യുവാക്കളായ യാത്രക്കാരുടെ യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് രണ്ട് കേന്ദ്രങ്ങളുടെയും ലക്ഷ്യം. ചിൽഡ്രൻസ് പാസ്പോർട്ട് കൺട്രോൾ കൗണ്ടറിൽ കുട്ടികൾക്ക് പാസ്പോർട്ടിൽ സ്റ്റാമ്പ് പതിച്ച് നൽകുകയും കാൾ സെന്ററിൽനിന്ന് വിവിധ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയുമാണ് ചെയ്യുകയെന്നും ലഫ്.കേണൽ മുഹമ്മദ് കൂട്ടിച്ചേർത്തു.
യു.എ.ഇയിലും പുറത്തും കാൾ സെന്ററിന്റെ സേവനങ്ങൾ ലഭ്യമാണ്. യു.എ.ഇയിലുള്ളവർക്ക് 8005111 എന്ന നമ്പറിലും പുറത്തുള്ളവർക്ക് +97143139999 എന്ന നമ്പറിലും ബന്ധപ്പെടാം. കുട്ടികളുമായി സംവദിക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരായിരിക്കും കാൾ സെന്ററിൽ ഉണ്ടാവുക. ഇംഗ്ലീഷിലും അറബിയിലും സേവനങ്ങൾ ലഭ്യമാണ്.
അതേസമയം, കാൾ സെന്റർ സേവനം കുട്ടികൾക്ക് മാത്രമാണെന്നും കുട്ടികളുടെ വിസ സ്റ്റാറ്റസ് സംബന്ധിച്ച രക്ഷിതാക്കളുടെ സംശയനിവാരണത്തിനുള്ളതല്ലെന്നും ജി.ഡി.ആർ.എഫ്.എ അറിയിച്ചു. ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമർ കോൾ സെന്റർ ഇതിനായി രക്ഷിതാക്കൾക്ക് ഉപയോഗിക്കാം. അതേസമയം, കഴിഞ്ഞ വർഷം കാളുകൾ ഉൾപ്പെടെ 2,40,000 ഓൺലൈൻ ഇടപാടുകളാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.