വിശ്വമേളയെ ആഘോഷമാക്കി കുട്ടികൾ
text_fieldsദുബൈ: യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്ന് കുട്ടികൾ കൂട്ടമായി വിശ്വമേളക്ക് എത്തിത്തുടങ്ങി.
സ്കൂൾ ബസുകളിൽ യൂനിഫോം ധരിച്ച് എത്തുന്ന കുട്ടികൾ അത്ഭുതക്കാഴ്ചകൾ ആസ്വദിച്ച് പവലിയനുകൾ കയറിയിറങ്ങിയാണ് മടങ്ങുന്നത്. ദിവസവും ആറായിരത്തോളം കുട്ടികൾ വിവിധയിടങ്ങളിൽനിന്നായി എക്സ്പോ നഗരിയിൽ എത്തുന്നുണ്ട്. ചരിത്രവും പുതിയ സാങ്കേതികവിദ്യകളും അടക്കമുള്ള പ്രദർശനങ്ങൾ ചോദിച്ച് മനസ്സിലാക്കിയാണ് കുട്ടിസംഘങ്ങൾ മടങ്ങുന്നത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് 11,000 സ്കൂൾ ട്രിപ്പുകളാണ് മേളയിലേക്ക് ഒരുക്കുന്നതെന്ന് ഡയറക്ടർ ഡോ. റബാഅ് അൽ സുമൈതി പറഞ്ഞു.
അധ്യാപകരുടെയും ജീവനക്കാരുടെയും അകമ്പടിയോടെയാണ് കുട്ടികളെത്തുന്നത്. ടിക്കറ്റും കോവിഡ് പരിശോധനയും ആവശ്യമില്ലാത്തതിനാൽ പ്രവേശനം എളുപ്പമാണ്. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ വിനോദ-വിജ്ഞാന പരിപാടികളിലേക്കാണ് ഇവരെ പ്രധാനമായും കൊണ്ടുപോകുന്നത്.
മേളയുടെ ഭാഗ്യചിഹ്നങ്ങളായ 'റാശിദയും ലത്വീഫയു'മാണ് കുട്ടികളെ സ്വീകരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ പരിചയപ്പെടാനും പഠിക്കാനും എക്സ്പോ സന്ദർശനം സഹായിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.
അൽ വസ്ൽ പ്ലാസയിൽ അടക്കം നടക്കുന്ന വിവിധ കലാപരിപാടികളും കുട്ടികൾക്ക് വീക്ഷിക്കാൻ അവസരം ലഭിക്കുന്നുണ്ട്. ചില പരിപാടികൾ അവതരിപ്പിക്കുന്നവരായും കുട്ടികൾ രംഗത്തെത്തുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജമീല ബിൻത് സാലിം മിസ്ബാഹ് അൽ മുഹൈരി കഴിഞ്ഞ ദിവസം എക്സ്പോയിൽ സ്കൂൾ കുട്ടികൾക്കൊപ്പം സന്ദർശിച്ചിരുന്നു.
ഡിസംബറിലെത്തിയ അവർ കുട്ടികൾക്ക് ലോകമേളയെക്കുറിച്ച് പറഞ്ഞുകൊടുത്തു. എക്സ്പോയുടെ ആദ്യ ആഴ്ചയിൽ ദുബൈയിലെ 75 സ്വകാര്യ സ്കൂളുകളിലെ കുട്ടികൾ മേളക്കെത്തുമെന്ന് വൈജ്ഞാനിക-മാനവ വിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.