ബഹിരാകാശം സ്വപ്നം കണ്ട് കുരുന്നുകൾ; വഴികാണിച്ച് മൻസൂരിയും നിയാദിയും
text_fieldsദുബൈ: ചാനലുകളിലും പത്രങ്ങളിലും ചിത്രങ്ങളിലും മാത്രം കണ്ടുപരിചയിച്ച ബഹിരാകാശ യാത്രികരെ നേരിൽ കണ്ടപ്പോൾ കുട്ടികൾക്ക് ചന്ദ്രനിലെത്തിയ സന്തോഷം. ചോദ്യോത്തരങ്ങളും സംശയ നിവാരണവും നിറഞ്ഞുനിന്നപ്പോൾ ഭാവിയിലേക്കുള്ള വഴികാട്ടിയായി സദസ്സ് മാറി.
ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിലാണ് ഇമാറാത്തി ബഹിരാകാശ യാത്രികരായ ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയും കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചത്. ബഹിരാകാശം സ്വപ്നം കാണുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായിരുന്നു അവസരം. ബഹിരാകാശ യാത്രയെ കുറിച്ചും പരിശീലനത്തെ കുറിച്ചും പഠനാവസരങ്ങളെ കുറിച്ചുമെല്ലാം കുട്ടികൾ ഇരുവരോടും സംശയങ്ങൾ ചോദിച്ചു. യു.എ.ഇയിലെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി തന്റെ പര്യടനത്തെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകി. ഉപകരണങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയായിരുന്നു വിവരണം.
ബഹിരാകാശത്തുണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഉടൻ ബഹിരാകാശത്തേക്ക് പുറപ്പെടാനൊരുങ്ങുന്ന ഹസ്സ അൽ മൻസൂരി നിലവിലെ പരിശീലനങ്ങളെ കുറിച്ച് വിദ്യാർഥികളോട് സംവദിച്ചു. ബഹിരാകാശത്തിന്റെ ഭാവി സാധ്യതകളെ കുറിച്ചും പഠനമാർഗങ്ങളെ കുറിച്ചും മാർഗനിർദേശം നൽകി. മൻസൂരിക്കും നിയാദിക്കും നന്ദി രേഖപ്പെടുത്തുന്നതായും ഭാവി സാധ്യതകൾ ഉപയോഗപ്പെടുത്താൻ മ്യൂസിയം ഓഫ് ഫ്യൂച്ചർ മുന്നിലുണ്ടാവുമെന്നും മ്യൂസിയം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ മജീദ് അൽ മൻസൂരി പറഞ്ഞു. യു.എ.ഇയിൽനിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളാണ് ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയും.
2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. മൻസൂരിയാണ് ബഹിരാകാശത്തേക്ക് കുതിച്ചതെങ്കിലും രണ്ടാമനായി നിയാദിയെയും തിരഞ്ഞെടുത്തിരുന്നു. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികർ ആകുന്നതിന് നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷം 4,022 പേരിൽനിന്നാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങുകയാണ് നിയാദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.