കുട്ടികൾക്ക് വാക്സിൻ നൽകാൻ തുടങ്ങി
text_fieldsരാജകുടുംബത്തിലെ കുട്ടികൾ വാക്സിൻ സ്വീകരിച്ചു
അബൂദബി: ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ മൂന്ന് മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ യു.എ.ഇ സിനോഫാം കോവിഡ് വാക്സിൻ 'ഇമ്യൂൺ ബ്രിഡ്ജ് പഠനം' ആരംഭിച്ചു. പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള തയാറെടുപ്പിെൻറ മുന്നോടിയായി 900 കുട്ടികളിലാണ് രക്ഷാകർത്താക്കളുടെ സമ്മതത്തോടെ പ്രതിരോധ കുത്തിവെപ്പ് നൽകുകയും മാറ്റങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നത്. അബൂദബി ക്രൗൺ പ്രിൻസിെൻറ കോടതി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ മക്കളടക്കമുള്ള രാജകുടുംബാംഗങ്ങളായ കുട്ടികൾ ഇതിൽ പങ്കാളികളായി.
പ്രതിരോധ കുത്തിവെപ്പിനുമുമ്പ് ആവശ്യമായ ഫോറത്തിൽ രക്ഷിതാക്കളുടെ സമ്മതപത്രം ഡോക്ടർമാർ ഒപ്പിട്ടുവാങ്ങും. കുത്തിവെപ്പിനുശേഷം ഓരോ ആഴ്ചയും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായോ എന്ന് അറിയിക്കണം. ആദ്യം കുട്ടികളിൽ പി.സി.ആർ പരിശോധന നടത്തുകയും രക്തസമ്മർദവും ഹൃദയമിടിപ്പും പരിശോധിച്ചതിനുശേഷവുമാണ് വാക്സിൻ നൽകുന്നത്. നിരീക്ഷണമുറിയിൽ 30 മിനിറ്റ് വാക്സിനെടുത്തശേഷം കാത്തിരിക്കണം.
നിലവിൽ 16 വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും സിനോഫാം വാക്സിൻ നൽകുന്നുണ്ട്. 12 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഫൈസർ ബയോടെക് കോവിഡ് -19 വാക്സിനും നൽകുന്നു. കുട്ടികൾക്കും കൗമാരപ്രായക്കാർക്കും സിനോഫാം കോവിഡ് വാക്സിൻ സുരക്ഷിതമാണ്. മൂന്നു മുതൽ 17 വയസ്സുവരെ പ്രായമുള്ളവരിലെ കോവിഡ് വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തുന്ന പശ്ചിമേഷ്യയിലെ പ്രഥമ രാജ്യമാണ് യു.എ.ഇ. പഠനത്തിെൻറ പ്രാഥമിക ഫലങ്ങൾ ലഭ്യമായാൽ ഉടനെ പ്രഖ്യാപിക്കും.
വാക്സിൻ നിർമാണരാജ്യങ്ങളായ ചൈന, അമേരിക്ക, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി മൂന്നു മുതൽ 17 വയസ്സ് ഗ്രൂപ്പിലുള്ളവർക്കായി ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ കുട്ടികളെ സ്കൂളിലേക്ക് മടങ്ങാൻ സഹായിക്കുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി കഴിഞ്ഞമാസം ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ കുട്ടികൾക്കിടയിൽ പോസിറ്റിവ് കേസുകൾ കുറവാണ്. എങ്കിലും പ്രതിരോധ കുത്തിവെപ്പ് എല്ലാവർക്കും വളരെ പ്രധാനമാണ്. അടുത്ത അധ്യയനവർഷം ക്ലാസുകളിലേക്ക് കുട്ടികൾക്ക് മടങ്ങാൻ പ്രതിരോധ കുത്തിവെപ്പ് പ്രയോജനപ്പെടും. പ്രതിരോധ കുത്തിവെപ്പ് നടത്തിയ മുതിർന്നവർക്ക് സുരക്ഷിതത്വം തോന്നുന്നതുപോലെ കുട്ടികളുടെ ആരോഗ്യസുരക്ഷക്ക് വാക്സിനേഷൻ സഹായകമാവുമെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.