വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾ വർധിപ്പിക്കുന്നു
text_fieldsദുബൈ: കുട്ടികൾക്കായി അടുത്തിടെ ദുബൈ വിമാനത്താവളത്തിൽ ആരംഭിച്ച പ്രത്യേക എമിഗ്രേഷൻ കൗണ്ടർ സേവനം കൂടുതൽ വിപുലമാക്കുന്നു. എല്ലാ ടെർമിനലിലും അറൈവൽ ഭാഗത്ത് കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്.
ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. ദുബൈയിൽ വന്നിറങ്ങുന്ന കുട്ടികൾക്ക് പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ സാധിക്കുന്ന ഫ്ലാറ്റ്ഫോമാണിത്. നിലവിൽ ദുബൈ വിമാനത്താവളം ടെർമിനൽ മൂന്നിൽ മാത്രമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ.
കഴിഞ്ഞമാസം ഈദുൽ ഫിത്വർ ദിനത്തിലാണ് സംരംഭം ആരംഭിച്ചത്. 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സൗകര്യം ഉപയോഗിക്കാനാവുക. കുട്ടികളുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച പാസ്പോർട്ട് ഓഫീസർമാരെയും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ടെന്നും അൽ മർറി കൂടിച്ചേർത്തു.
വിമാനത്താവളങ്ങളിലെ സേവനം ഏതൊരു യാത്രക്കാരന്‍റെയും ഒരു നാട്ടിലെ ആദ്യാനുഭവമായതിനാൽ കുട്ടികൾക്ക് സന്തോഷകരമായ ഓർമകൾ നൽകാൻ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് കഴിയുമെന്ന് ദുബൈ എമിഗ്രേഷൻ ഹാപ്പിനസ് സർവീസസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു. കുട്ടികൾ വിമാനത്താവളത്തിൽ എത്തുന്നത് മുതൽ യാത്രയുടെ ഓരോ ഘട്ടത്തിലും സന്തോഷവും ഉപഭോക്തൃ സംതൃപ്തിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കുട്ടി യാത്രക്കാരുമായി രസകരവും സംവേദനാത്മകവുമായ രീതിയിൽ ഇടപഴകുന്നതിതിനായി, ശിശുസൗഹൃദ- യാത്രാ സേവനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കാൻ ദുബൈ ലക്ഷ്യമിടുന്നതായും ഇതിലൂടെ കുടുംബങ്ങൾക്ക് യാത്ര കൂടുതൽ ആസ്വാദ്യകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.