പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്ക് കളിസ്ഥലം
text_fieldsദുബൈ: അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം തുറന്നു. പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
കുട്ടികൾക്ക് വിനോദത്തോടൊപ്പം വിദ്യാഭ്യാസപരമായ അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ, ചിത്രരചന, വായനസ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. മാതാപിതാക്കൾ പൊതുമാപ്പിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ കുട്ടികൾക്ക് കളിസ്ഥലത്ത് സമയം ചെലവഴിക്കാനാകും.
കുടുംബങ്ങൾക്കും കുട്ടികൾക്കും മാനസികവും സാമൂഹികവുമായ സംതൃപ്തി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുമാപ്പ് സേവനങ്ങൾ മാനുഷിക മൂല്യങ്ങൾ മുൻനിർത്തിതന്നെ നൽകുകയാണ് ഞങ്ങളുടെ ദൗത്യമെന്നും കുട്ടികളുടെ പൊതുമാപ്പ് കേന്ദ്രത്തിന്റെ ഗുണപരമായ കൂട്ടിച്ചേർക്കലാണെന്നും അൽ അവീർ എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. വിവിധ ഗെയിമുകളും നൂതനമായ വിനോദ പ്രവർത്തനങ്ങളുമായാണ് കളിസ്ഥലം ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സൗകര്യങ്ങളും ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.