ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് നാളെ തുടക്കം
text_fieldsഷാർജ: പുസ്തകങ്ങളുടെയും സർഗാത്മകതയുടെയും ആഘോഷമായ ഷാർജയിലെ കുട്ടികളുടെ വായനോത്സവം ബുധനാഴ്ച തുടങ്ങും. മേയ് 22 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. സർഗാത്മകത സൃഷ്ടിക്കുക എന്ന പ്രമേയത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന വായനോത്സവമാണ് ഇത്തവണത്തേത്. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തമുറപ്പാക്കി ഷാർജ എക്സ്പോ സെന്ററിൽ കുട്ടികളുടെ വായനോത്സവം നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കുട്ടികൾക്ക് അറിവും ക്രിയാത്മകതയും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വായനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളെ രസിപ്പിക്കാൻ പ്രശസ്തരായ 25 ലോകോത്തര എഴുത്തുകാർ പങ്കെടുക്കുന്നുണ്ട്. മിനിയൻസ് പോലുള്ള കുട്ടികളുടെ സിനിമകളുടെ സഹസംവിധായകനും ഡെസ്പിക്കബിൾ മി, ജുമാൻജി എന്നിവയുടെ ആനിമേഷൻ ചെയ്ത അമേരിക്കൻ ആനിമേറ്ററും ചലച്ചിത്രസംവിധായകനുമായ കെയ്ൽ ബാൽഡയും ഫെസ്റ്റിൽ പങ്കെടുക്കും. റോബോട്ട് സൂ എന്ന റോബോട്ടുകൾകൊണ്ടൊരു മൃഗശാലയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്ക് പഠിക്കാൻ എട്ട് അനിമൽ റോബോട്ടുകളും 15ഓളം പരിപാടികളും സൂവിലുണ്ട്. ചെറിയ ജീവികളെ വലിയ റോബോട്ടിക് ജീവികളായി അവതരിപ്പിക്കുന്നതാണ് റോബോട്ട് മൃഗശാലയുടെ സവിശേഷത. ഏറ്റവും ചെറിയ ജീവിവർഗങ്ങളെപ്പോലും ആകർഷകവും യഥാർഥ ജീവിത സവിശേഷതകളോടെയുമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര എഴുത്തുകാർ വായനോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. യുവതലമുറയെ അവരുടെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്നുവിടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് മെച്ചപ്പെടുത്താനുമാണ് വായനോത്സവം ലക്ഷ്യമിടുന്നത്. കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കുട്ടികൾക്കും യുവാക്കൾക്കുംവേണ്ടിയുള്ള ഏറ്റവും വലിയ വായനോത്സവമായ ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.