ഷാർജയിൽ വീണ്ടും വായനയുടെ വസന്തകാലം
text_fieldsഷാർജ: വിജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മണ്ണിൽ വീണ്ടും വായനയുടെ വസന്തകാലം. കുട്ടികൾക്കും യുവാക്കൾക്കും നിരവധി പുതിയ ആകർഷണങ്ങളുമായി ഷാർജയിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ 13ാമത് കുട്ടികളുടെ വായനോത്സവം 12 ദിവസം നീളും. 'സർഗാത്മകത സൃഷ്ടിക്കുക' എന്ന പ്രമേയത്തിലെ ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഉന്നത ഭരണകർത്താക്കളും പ്രാദേശിക വകുപ്പ് മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, എഴുത്തുകാർ, മാധ്യമ പ്രതിനിധികൾ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ശേഷം ശൈഖ് സുൽത്താൻ പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ പവിലിയനുകളും കുട്ടികൾക്ക് വേണ്ടി തയാറാക്കിയ വിവിധ വിജ്ഞാന-വിനോദ സംവിധാനങ്ങളും സന്ദർശിച്ചു. യു.എ.ഇയിലെ 76 പ്രസാധകർ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള 139 പ്രസാധകർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, ലെബനൻ, ഈജിപ്ത്, സിറിയ, ജോർഡൻ, അമേരിക്ക, കുവൈത്ത്, ഖത്തർ, സുഡാൻ, മൊറോകോ, കാനഡ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങൾ അതത് രാജ്യങ്ങളിലെ ബാല സാഹിത്യങ്ങളുടെ ശേഖരവുമായാണ് മേളക്കെത്തിയത്.
വിപുലമായ സാംസ്കാരിക പരിപാടികൾ
കുട്ടികളെ ചിന്തിപ്പിക്കുകയും വായനയുടെ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നതിന് വിപുലമായ സാംസ്കാരിക പരിപാടികളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. 130 കലാപരിപാടികൾ, നാടകനിർമാണം, 21 രാജ്യങ്ങളിൽ നിന്നുള്ള 43 അന്താരാഷ്ട്ര അതിഥികളുടെ നേതൃത്വത്തിൽ 120 പരിപാടികൾ എന്നിവ മേളയുടെ അജണ്ടയിലുണ്ട്. 23 വർക്ക്ഷോപ്പുകളും 48 രാജ്യങ്ങളിൽ നിന്നുള്ള 296 കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദർശനവും ഇതിന് പുറമെ അരങ്ങേറുന്നുണ്ട്. ചിൽഡ്രൻസ് ബുക്ക് മേക്കേഴ്സ് പ്ലാറ്റ്ഫോമിൽ(ഉഫുഖ്) 12 രാജ്യങ്ങളിൽ നിന്നുള്ള 50 ലധികം പ്രസാധകരും ചിത്രകാരന്മാരും ഈ വർഷം എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള അറബി ഭാഷ സംസാരിക്കുന്നവരെ ആകർഷിക്കാൻ വിഷ്വൽ ഉള്ളടക്കം ഉൾക്കൊള്ളുന്ന കുട്ടികളുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് പ്ലാറ്റ്ഫോം. പ്രശസ്തരായ 25 ലോകോത്തര എഴുത്തുകാർ വിവിധ സെഷനുകളിൽ മേളയിൽ പങ്കെടുക്കുന്നുണ്ട്.
കുട്ടികളെ രസിപ്പിക്കാൻ റോബോട്ട് മൃഗശാലയും ഗെയിമുകളും
ഷാർജ: ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിനെത്തുന്ന കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റോബോട്ട് സൂ എന്ന റോബോട്ടുകൾ കൊണ്ടുള്ള മൃഗശാലയും സിനിമ തിയറ്ററും വിവിധ ഗെയിമുകളും അടക്കം മേളയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ എട്ട് അനിമൽ റോബോട്ടുകളും 15 ഓളം പരിപാടികളും സൂവിലുണ്ട്. ചെറിയ ജീവികളെ വലിയ റോബോട്ടിക് ജീവികളായി അവതരിപ്പിക്കുന്നതാണ് റോബോട്ട് മൃഗശാലയുടെ സവിശേഷത. ഏറ്റവും ചെറിയ ജീവിവർഗങ്ങളെ പോലും ആകർഷകവും യഥാർഥ ജീവിത സവിശേഷതകളോടെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.
പുതുതലമുറയെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്നു വിടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് മെച്ചപ്പെടുത്താനുമാണ് വായനോത്സവം ലക്ഷ്യമിടുന്നത്. ഇതിനായി വർക്ക്ഷോപ്പുകൾ, വിവിധ മത്സരങ്ങൾ, എഴുത്തുകാരുമായുള്ള മുഖാമുഖങ്ങൾ എന്നിങ്ങനെ നിരവധി സെഷനുകളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.