കുട്ടിക്കഥ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം
text_fieldsമായാജാലക്കഥകളിലെ അത്ഭുതലോകത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഒരിക്കൽ കേട്ടാൽ പിന്നെ അവ മനസ്സിൽ നിന്ന് മായാതെ അവിടെ കിടപ്പുണ്ടാകും. അത്തരത്തിൽ ഒരു അത്ഭുത ലോകമാണ് ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിലുള്ളത്. കഥകളും പുസ്തകങ്ങളും കൊണ്ട് അവർക്കായൊരിടം തന്നെയാണ് വായനോത്സവത്തിലൊരുക്കിയത്. സന്തോഷത്തോടെ പഠിക്കുന്നതൊന്നും മറക്കില്ല എന്ന് പറയാറുണ്ട്, കുട്ടികളെ രസിപ്പിച്ച് പഠിപ്പിക്കുന്ന രീതിയാണ് വായനോത്സവത്തിൽ കാണുന്നത്. പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും മധുരിക്കുന്ന ഓർമ്മകൾ നൽകി കുരുന്നുകളുടെ മനസ്സ് കവർന്നെടുത്ത കുട്ടികളുടെ ലോകത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്.
ആദ്യമായാണ് 12 ദിവസം നീണ്ടുനിൽക്കുന്ന വായനോത്സവം നടക്കുന്നത്. 'സർഗാത്മകത സൃഷ്ടിക്കുക' എന്ന പ്രമേയത്തിൽ മെയ് 11 മുതൽ ഷാർജ എക്സ്പോ സെൻറ്ററിൽ തുടങ്ങിയ വായനോത്സവത്തിൽ നിരവധി കലാ സാംസ്കാരിക പരിപാടികളൊരുക്കിയിരുന്നു.
യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്തിന്‍റെ ദുഖത്തിൽ പങ്ക് ചേർന്ന് മൂന്ന് ദിവസം വായനോത്സവത്തിലെ കലാ സാംസ്കാരിക പരിപാടികൾ നിർത്തിവെച്ചിരുന്നു. വീണ്ടും പരിപാടികൾ പുനരാരംഭിച്ചതോടെ വായനോത്സവം ലക്ഷ്യം വെച്ചെത്തുന്ന കുരുന്നുകളുടെ ഒഴുക്കായിരുന്നു എക്സ്പോ സെൻററിൽ.
കുട്ടികളിലൊളിഞ്ഞിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി പരിപാടികൾ വായനോത്സവത്തിലൊരുക്കിയിട്ടുണ്ട്. ചിത്രരചന, കുക്കിങ്ങ്, ക്രാഫ്റ്റ്, ശാസ്ത്രം തുടങ്ങി ഏത് മേഖലകൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്കും വായനോത്സവം പ്രിയപ്പെട്ടതായി മാറി. കൂടെ നിന്ന് അവരിലൊരാളായി സഹായിക്കുന്ന അധ്യാപകർക്കൊപ്പം രസകരമായുള്ള ഈ സെഷനുകളിൽ യാതൊരു മടുപ്പുമില്ലാതെ കഥകളും കവിതകളും കേട്ടിരുന്ന കുരുന്നുകൾക്ക് വായനോത്സവം മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.
ക്രാഫ്റ്റ് വർക്കുകളും, ചിത്രങ്ങളുമൊക്കെ തീർത്ത് സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ കൂടി കുട്ടികളെ പ്രാപ്തരാക്കുകയാണ് വായനോത്സവം.
അധ്യാപകർക്കൊപ്പം വരി വരിയായി പ്രതീക്ഷതയോടെയെത്തുന്ന കുട്ടികൾ മേള ചുറ്റികണ്ട് സംതൃപ്തരായി പോകുന്നതും കൺകുളിർമ്മയേകുന്ന കാഴ്ച്ചകളാണ്. ഗെയിമുകകളും ചോദ്യോത്തര വേദികളും തുടങ്ങി കുട്ടികളെ ആകർഷിക്കാൻ പാകത്തിന് നിരവധി സെഷനുകളും ഇത്തവണ വായനോത്സവത്തിൽ നടന്നു. ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര പുസ്തക വിൽപ്പനക്കാരുടെ സമ്മേളനത്തിനും വായനോത്സവം വേദിയായിരുന്നു. കൂടാതെ ഷാർജ ഭരണാധികാരി വായനോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് 25 ലക്ഷം ദിർഹമിന്‍റെ പുസ്തകങ്ങൾ വാങ്ങാനും നിർദേശം നൽകിയിരുന്നു.
12 രാജ്യങ്ങളിലെ 139 പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി മേളയിൽ പങ്കെടുത്തു. പ്രഗത്ഭരായ കലാകാരന്മാർ നയിക്കുന്ന 750 ശിൽപശാലകളാണ് മേളയുടെ മറ്റൊരു പ്രത്യേകത. കൂടാതെ, 130 കലാപരിപാടികളും മേളയിൽ അരങ്ങേറി. 25 ലോകോത്തര എഴുത്തുകാർ പങ്കെടുത്ത മേളയിൽ രസകരമായ പല പരിപാടികളും കുട്ടികളുടെ കഴിവിലുപരി ആത്മവിശ്വാസം കൂടി വർദ്ധിപ്പിക്കുന്നവയാണ്.
റോബോട്ട് സൂവിലെ ഭീമൻ റോബോട്ട് മൃഗങ്ങളും 48 രാജ്യങ്ങളിലെ കുട്ടിക്കലാകാരന്മാരുടെ ശ്രദ്ധേയവും അപ്രതീക്ഷിതവുമായ കലാസൃഷ്ടികൾ പ്രദർഷിപ്പിക്കുന്ന ഇല്ലസ്ട്രേഷൻ എക്സിബിഷനും ഇമ്പത്തിൽ കഥ പറയുന്ന സെഷനുകളും കളിച്ചും ചിരിച്ചും കരകൗശല വിദ്യകൾ പഠിപ്പിക്കുന്നിടവും കുക്കറി കോർണറും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കുട്ടികളോടൊപ്പം ആടിയും പാടിയും നടക്കുന്ന മരവുമൊക്കെയാണ് ഇത്തവണത്തെ വായനോത്സവത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.
ചിരിച്ചും കളിച്ചും വായനോത്സവത്തിലെ കാഴ്ച്ചകൾ കണ്ടു മടങ്ങുന്ന കുരുന്നുകളുടെ സംതൃപ്തിയാണ് വായനോത്സവത്തിന്‍റെ വിജയവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.