ചന്ദ്രനിൽ പേടകമെത്തിക്കാൻ യു.എ.ഇയെ ചൈന സഹായിക്കും
text_fieldsദുബൈ: ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണ വാഹനമെത്തിക്കാൻ യു.എ.ഇയെ സഹായിക്കുന്ന കരാറിൽ ചൈന ഒപ്പുവെച്ചു. യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും ചൈനയുടെ നാഷനൽ സ്‌പേസ് അഡ്‌മിനിസ്‌ട്രേഷനും വെള്ളിയാഴ്ചയാണ് കരാറിൽ ഒപ്പുവെച്ചത്. ബഹിരാകാശ രംഗത്തെ സഹകരണത്തിന് ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ഭാവി ബഹിരാകാശ അവസരങ്ങൾക്ക് അടിത്തറ പാകുന്നതാണ് കരാറെന്ന് അധികൃതർ വ്യക്തമാക്കി.
ചൈന വിജയകരമായി ചാന്ദ്ര പര്യവേക്ഷണം നടത്തിവരുന്ന രാജ്യമാണ്. 2013ലെ ചേഞ്ച്-3 എന്ന ബഹിരാകാശ പേടകമാണ് ആദ്യമായി ചന്ദ്രനിൽ ചൈനയുടേതായി എത്തിയത്. 2019ൽ ചന്ദ്രന്‍റെ വിദൂരഭാഗത്ത് ഒരു ബഹിരാകാശ പേടകം ഇറക്കാനും കഴിഞ്ഞു. സഹകരണത്തിലൂടെ യു.എ.ഇ ഭാവിയിൽ നിർമിക്കുന്ന ചന്ദ്ര പര്യവേക്ഷണ വാഹനം എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തമായി ലാൻഡർ നിർമിക്കേണ്ട ആവശ്യം ഇതോടെ വേണ്ടിവരില്ല.
യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യ പേടകമായ റാശിദ് റോവർ ഈ നവംബറിൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. 10 കിലോ തൂക്കമുള്ള പര്യവേക്ഷണ വാഹനം 'റാശിദ്' ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ-9 റോക്കറ്റിലാണ് റോവർ വിക്ഷേപിക്കുക.
ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. രാജ്യത്തിന്‍റെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പദ്ധതിക്കുകീഴിലെ ആദ്യ ദൗത്യമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.