ദുബൈ ലൈബ്രറിക്ക് ചൈനീസ് കോൺസുലേറ്റിന്‍റെ പുസ്തകസമ്മാനം
text_fieldsദുബൈ: ആഴ്ചകൾക്കുമുമ്പ് പ്രവർത്തനമാരംഭിച്ച ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി ചൈനീസ് കോൺസുലേറ്റ്. സംസ്കാരം, കല, ചരിത്രം എന്നിവ സംബന്ധിച്ച ചൈനീസ് പുസ്തങ്ങളാണ് കൈമാറിയത്. ലൈബ്രറിയിൽ കോൺസുലേറ്റ് സംഘടിപ്പിച്ച ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലൈബ്രറി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് സാലിം അൽ മസ്റൂയി, കോൺസുൽ ജനറൽ ലീ സുഹാങ്, യു.എ.ഇയിൽ താമസക്കാരായ ചൈനീസ് പൗരന്മാർ എന്നിവർ ചടങ്ങിനെത്തിയിരുന്നു. എല്ലാ വർഷവും ലൈബ്രറിയിൽ സാംസ്കാരിക പരിപാടി ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.
പശ്ചിമേഷ്യ-വടക്കൻ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥാലയം ജൂണിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ഒരു ദശലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ 60 ലക്ഷത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.