ക്രിസ്മസ്, പുതുവത്സരാഘോഷം: കോവിഡ് പ്രോട്ടോകോൾ പുറത്തിറക്കി
text_fieldsദുബൈ: ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പരിപാടികളിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി. ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ 80 ശതമാനം ശേഷിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്. ചടങ്ങുകളിലേക്ക് പ്രവേശിക്കുന്നവർ ആവശ്യമെങ്കിൽ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസോ നാലു ദിവസത്തിനിടയിലെ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി ബുധനാഴ്ച അറിയിച്ചു. ഹസ്തദാനം ചെയ്യുന്നതിനും ആലിംഗനം ചെയ്യുന്നതിനും നിരോധനമുണ്ട്. സംഘാടകർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും പ്രവേശനകവാടങ്ങളിൽ താപനില പരിശോധന നടത്തുകയും വേണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്.
ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ചിരിക്കുേമ്പാൾ സാമൂഹിക അകലം പാലിക്കണമെന്നില്ല. എന്നാൽ, മറ്റുള്ളവർ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിപാടികളിൽ പ്രത്യേക ടീമിനെ സജ്ജമാക്കണമെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ ഓരോ എമിറേറ്റിലും വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന പതിവാണുള്ളത്. എങ്കിലും മാസ്ക് ധരിക്കൽ അടക്കമുള്ള നിർദേശങ്ങൾ എല്ലാ എമിറേറ്റുകളിലും നിലവിൽ നിർബന്ധമാണ്. ഒമിക്രോൺ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം സജീവമായിട്ടുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സന്നദ്ധമാകണമെന്നും രോഗം പ്രതിരോധിക്കാൻ അത് അനിവാര്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇയിൽ ബുധനാഴ്ച 148 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നു ലക്ഷത്തിലേറെ പരിശോധനകൾ നടന്നതിൽനിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.