ബസ് യാത്ര എളുപ്പമാക്കാൻ 'സിറ്റി ബ്രെയ്ൻ'
text_fieldsദുബൈ: ബസ് യാത്ര എളുപ്പമാക്കാൻ നൂതന പദ്ധതിയുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ബസ് യാത്രികരുടെ എണ്ണം 17 ശതമാനം വർധിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിക്ക് 'സിറ്റി ബ്രെയിൻ'എന്നാണ് പേര്. പൊതുഗതാഗത ശൃംഖല സുഗമമാക്കുന്നതിന് നിർമിതബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തുക. പ്രമുഖ ടെക്നോളജി കമ്പനി ആലിബാബയുമായി സഹകരിക്കും. നഗരത്തിലെ ട്രാഫിക് സംവിധാനത്തെ നോൽ കാർഡുകൾ, ബസുകൾ, ടാക്സികൾ എന്നിവയിൽനിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്നതാണ് സംവിധാനം. ഇതിലൂടെ പുതുക്കിയ ബസ് ഷെഡ്യൂളുകളും റൂട്ടുകളിലെ മാറ്റവും യാത്രക്കാരന് അപ്പപ്പോൾ ലഭ്യമാക്കും. യാത്രക്കാരുടെ കാത്തിരിപ്പുസമയം കുറക്കാനും യാത്ര എളുപ്പമാക്കാനും ഇത് ഉപകരിക്കും.
പുതിയ സാങ്കേതികവിദ്യകളും നിർമിതബുദ്ധി സംവിധാനവും ഉപയോഗിക്കുന്നത് ദുബൈയിലെ ബസ് സർവിസുകൾ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ അൽ തയാർ പറഞ്ഞു. യാത്രക്കാർക്ക് സുഗമമായ സേവനങ്ങൾ നൽകാനും താമസക്കാരുടെ ക്ഷേമവും സന്തോഷവും ഉറപ്പുവരുത്തുന്നതിനുമായി പൊതുഗതാഗത പദ്ധതികളും സംയോജിത അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നത് ആർ.ടി.എ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദധാരികളായ ഇമാറാത്തികൾക്ക് ആർ.ടി.എയിൽ ജോലി നൽകുന്നതിന് 22 മാസത്തെ പരിശീലനം ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. 'ഫാംകോ'യുമായി സഹകരിച്ച് നടത്തുന്ന അൽഖൂസ് ബസ് ഡിപ്പോയിലെ റിമോട്ട് ബസ് പെർഫോമൻസ് മോണിറ്ററിങ് സെന്‍ററിന്‍റെ പ്രവർത്തനഫലങ്ങൾ അൽ തയാർ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ബസുകളിൽ ഘടിപ്പിച്ച ടെലിമാറ്റിക്‌സ് സംവിധാനം ഉപയോഗിച്ച് 373 വോൾവോ ബസുകളുടെ പ്രവർത്തനക്ഷമത തത്സമയം ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് ബസ് പെർഫോമൻസ് മോണിറ്ററിങ് സെന്‍ററിൽ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.