ക്ലാസ് മുറികൾ തുറന്നു; മാസ്കിട്ട് അവരെത്തി
text_fieldsഅൽഐൻ: ക്ലാസ് മുറികളിൽ ഇതുവരെ കാണാത്ത സജ്ജീകരണങ്ങളായിരുന്നു വിദ്യാർഥികളെ കാത്തിരുന്നത്. പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ്, ക്ലാസ് മുറികളിൽ സാനിറ്റൈസർ, അകലം പാലിച്ച് നിരത്തിയ ഡെസ്കുകൾ, 'ക്ലാസെടുക്കാൻ' നഴ്സ്... അങ്ങനെ പുതിയ അനുഭവങ്ങൾ പഠിക്കാൻ യു.എ.ഇയിലെ സ്കൂളുകളിലേക്ക് മാസങ്ങൾക്കു ശേഷം വിദ്യാർഥികൾ എത്തി.
ഏഷ്യൻ സ്കൂളുകളുടെ രണ്ടാംപാദവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയുള്ള സ്കൂളുകളുടെ പുതിയ അധ്യയന വർഷവുമാണ് ഞായറാഴ്ച തുടങ്ങിയത്. ഷാർജ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും ക്ലാസ് മുറികളിലെ പഠനം തുടങ്ങി. ഷാർജയിൽ രണ്ടാഴ്ച കൂടി ഓൺലൈൻ തുടരാനാണ് തീരുമാനം. മറ്റ് എമിറേറ്റുകളിൽ ഓൺലൈനും ഓഫ്ലൈനും സമിശ്രമായാണ് പഠിപ്പിക്കുന്നത്. രക്ഷിതാക്കളുടെ താൽപര്യമനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ വകുപ്പുകളും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും അനുമതി നൽകിയ സ്കൂളുകളാണ് ക്ലാസ് മുറികൾ തുറന്നത്.
മാസങ്ങൾക്കുശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ട സന്തോഷവും ജിജ്ഞാസയും വിദ്യാർഥികളുടെ മുഖത്ത് പ്രകടമായിരുന്നു. കുട്ടികൾക്ക് ഓൺലൈൻ പഠനത്തെക്കാൾ താൽപര്യം സ്കൂളിൽ വന്നുള്ള പഠനത്തിനാണെന്നാണ് കുട്ടികളുടെ പ്രതികരണത്തിൽനിന്ന് മനസ്സിലാകുന്നത്. ഓൺലൈൻ പഠനകാലത്ത് അനുഭവിച്ച പ്രയാസങ്ങൾ അധ്യാപകാരോട് തുറന്നുപറയാനും അവർ മടിച്ചില്ല. കോവിഡിൽനിന്നുള്ള എല്ലാ മുന്നൊരുക്കങ്ങളും എടുത്താണ് സ്കൂളുകൾ തുറന്നത്. കുട്ടികൾ സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കിയും മാസ്ക് ധരിച്ചും അകലം പാലിച്ചുമാണ് ക്ലാസ് മുറികളിൽ ഇരുന്നത്. ആധ്യാപകർക്ക് പുറമെ നിർദേശങ്ങൾ നൽകാൻ സ്കൂൾ നഴ്സുമാരും എത്തിയിരുന്നു. അധ്യാപകർ മാസ്ക് ധരിച്ചും വിദ്യാർഥികളിൽനിന്ന് നിശ്ചിത അകലം പാലിച്ചും അവർക്ക് പാഠങ്ങൾ പകർന്നുനൽകി.
സ്കൂൾ ബസുകളിൽ കൃത്യമായ അകലം പാലിച്ചാണ് കുട്ടികളെ ഇരുത്തിയത്. സ്വന്തം വാഹനത്തിൽ കുട്ടികളെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ എത്തിച്ചത്. രക്ഷിതാക്കൾക്ക് സ്കൂളുകളിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമുണ്ട്.
അബൂദബിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസുകളിലെ പഠനത്തിന് അവസരമുള്ളത്. ക്ലാസ് മുറികളിലെത്തിയ വിദ്യാർഥികൾക്കും ഓൺലൈൻ പഠിതാക്കൾക്കും ഒരേസമയമായിരുന്നു ക്ലാസ്. രണ്ട് അധ്യാപന രീതിയും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകും എന്ന് ഭയപ്പെട്ടിരുന്ന അധ്യാപകർ ആദ്യദിനം കഴിഞ്ഞപ്പോൾ ഏറെ സന്തുഷ്ടരാണ്. കുട്ടികളെ നേരിട്ട് കാണാനും നേരിട്ട് പഠിപ്പിക്കാനും കഴിഞ്ഞതിെൻറ സന്തോഷം അധ്യാപികമാർ പങ്കുവെച്ചു.
അതേസമയം, കൂടുതൽ രക്ഷിതാക്കളും കുട്ടികൾക്ക് ഓൺലൈൻ പഠനരീതിയാണ് തെരെഞ്ഞടുത്തിരിക്കുന്നത്. ആദ്യദിനം ഹാജർ കുറവുണ്ടെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ പേർ സ്കൂളുകളിൽ എത്തിച്ചേരുമെന്നും ഓൺലൈൻ പഠനം തെരഞ്ഞെടുത്തവരിൽ കുറെ പേർ വരും ആഴ്ചകളിൽ ക്ലാസ്മുറികളിലെ പഠനത്തിലേക്ക് മാറുമെന്നുമാണ് സ്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.