ക്ലീൻ യു.എ.ഇ; ഒറ്റദിനം ശേഖരിച്ചത് 10.5 ടൺ മാലിന്യം
text_fieldsദുബൈ: എമിറേറ്റ് എൻവയൺമെന്‍റൽ ഗ്രൂപ് (ഇ.ഇ.ജി) ദേശവ്യാപകമായി നടത്തിയ ‘ക്ലീൻ യു.എ.ഇ’ കാമ്പയിനിലൂടെ ഒറ്റദിനം ശേഖരിച്ചത് 10.5 ടൺ മാലിന്യം. ഏഴ് എമിറേറ്റുകളിലായി ശനിയാഴ്ച നടത്തിയ ശുചിത്വ കാമ്പയിനിൽ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള 7,327 സന്നദ്ധ പ്രവർത്തകർ ഒരുമിച്ചു ചേർന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ പുതു മാതൃക തീർത്ത്.
യു.എ.ഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിന് കീഴിൽ നടക്കുന്ന ‘ക്ലീൻ യു.എ.ഇ’ കാമ്പയിനിന്റെ 22ാം എഡിഷനാണ് ശനിയാഴ്ച സംഘടിപ്പിച്ചത്. സുസ്ഥിരത വർഷത്തിന്‍റെയും ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന്‍റെ സമാപനത്തോടും അനുബന്ധിച്ചാണ് രാജ്യവ്യാപകമായി ശുചിത്വ യജ്ഞത്തിന് തുടക്കമിട്ടത്.
ദുബൈ മുനിസിപ്പാലിറ്റി, സൈഹ് അൽ സലാം സംരക്ഷണ മേഖല മാനേജ്മെന്റ്, ദുബൈ ഇക്കണോമിക് ആൻഡ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ സൈഹ് അൽ സലാമിന്‍റെ നാലു സൈറ്റുകളിലാണ് ദുബൈയിൽ ശനിയാഴ്ച മാലിന്യ ശേഖരണം നടത്തിയത്.
കാമ്പയിനിൽ പങ്കെടുക്കുന്ന വളന്‍റിയർമാർക്കായി പ്രത്യേക ടീഷർട്ടുകളും തൊപ്പിയും സമ്മാനിച്ചിരുന്നു. കൂടാതെ പുനരുപയോഗിക്കാവുന്ന കോട്ടൺ കൈയുറകളും ജൈവ വിഘടന സാധ്യമാകുന്ന പ്ലാസ്റ്റിക് ബാഗുകളും സജ്ജമാക്കിയിരുന്നു.
ശനിയാഴ്ച അതിരാവിലെ ആരംഭിച്ച ശുചിത്വ യജ്ഞത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇ.ഇ.ജി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സർക്കാർ, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു. യുനൈറ്റഡ് നേഷൻസ് എൻവയൺമെന്‍റ് പ്രോഗ്രാമിന് (യു.എൻ.ഇ.പി) കീഴിലുള്ള അംഗീകൃത സ്ഥാപനമെന്ന നിലയിലാണ് യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന പ്രവർത്തനങ്ങൾ ഇ.ഇ.ജി നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.