കാലാവസ്ഥ ഉച്ചകോടി: എക്സ്പോ സിറ്റി സന്ദർശിച്ച് ശൈഖ് മൻസൂർ
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 28) ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ. സമ്മേളന വേദിയായ ദുബൈ എക്സ്പോ സിറ്റി സന്ദർശിച്ചാണ് യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും നിയുക്ത കോപ് 28 പ്രസിഡന്റുമായ ഡോ. സുൽത്താൻ അൽ ജാബിറും മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.
ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുക്കുന്ന ചർച്ചകൾക്ക് വേദിയാകുന്ന പവിലിയനുകളും ഹാളുകളും ശൈഖ് മൻസൂർ പരിശോധിച്ചു.
സമ്മേളനത്തിന് രൂപപ്പെടുത്തിയ ഉന്നത സമിതി അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 160ലധികം രാഷ്ട്രത്തലവന്മാരും സർക്കാർ പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ട സെഷനുകൾ സംബന്ധിച്ചും പരിപാടികളെ കുറിച്ചും കമ്മിറ്റി അംഗങ്ങൾ വിശദീകരിച്ചു.ലോകനേതാക്കൾ, മന്ത്രിമാർ, പരിസ്ഥിതി ആക്ടിവിസ്റ്റുകൾ, വ്യവസായ മേധാവികൾ എന്നിവർ കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര കർമപദ്ധതി വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി സമ്മേളനത്തിൽ എത്തും. ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസം പ്രതിനിധികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പ്രധാന നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ഇതിൽ ഉൾപ്പെടും. പരിപാടിയിൽ 85,000 പ്രതിനിധികളും 5,000ത്തിലധികം മാധ്യമപ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ സമയത്ത് എക്സ്പോ സിറ്റി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിക്കും. ബ്ലൂ സോൺ പൂർണമായി യു.എൻ തന്നെയാണ് നിയന്ത്രിക്കുക. സർക്കാർ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവക്കാണ് ഈ മേഖലയിൽ പ്രവേശനം ലഭിക്കുന്നത്. അൽ വസ്ൽ പ്ലാസയും വിവിധ സമീപ കെട്ടിടങ്ങളും ഈ സോണിലാണ് ഉൾപ്പെടുന്നത്. ഒരു ദിവസം 70,000 പേർ വരെ സൈറ്റ് സന്ദർശിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സംഗീതപരിപാടികൾ, ഇവന്റുകൾ, ഷോകൾ എന്നിവ ഉച്ചകോടിയുടെ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബർ 30 മുതൽ ആരംഭിക്കുന്ന ഉച്ചകോടി ഡിസംബർ 12 വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.