എക്സ്പോ സമാപന പരിപാടികൾ പൊതുജനങ്ങൾക്കും കാണാം
text_fieldsദുബൈ: വിശ്വമേളയുടെ സമാപനദിനത്തിലെ ഗംഭീര പരിപാടികൾ നേരിൽ കാണാൻ പൊതുജനങ്ങളെ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്പോ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ, വെടിക്കെട്ടും സംഗീത പരിപാടികളും മറ്റു വിനോദങ്ങളും സംയോജിപ്പിക്കുന്ന കലാശക്കൊട്ട് പൊതുജനങ്ങൾക്ക് നേരിൽ വീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കും.
രാത്രി ഏഴിന് അൽ വസ്ൽ പ്ലാസയിൽ ആരംഭിക്കുന്ന പ്രധാന ചടങ്ങുകൾ വീക്ഷിക്കുന്നതിന് എക്സ്പോ നഗരിയുടെ വിവിധ ഭാഗങ്ങളിൽ സ്ക്രീനുകൾ സ്ഥാപിക്കും.
ജൂബിലി സ്റ്റേജ്, ഫെസ്റ്റിവൽ ഗാർഡൻ, സ്പോർട്സ് ഹബുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ പരിപാടി വീക്ഷിക്കാൻ സൗകര്യമുണ്ടാകും.
വി.ഐ.പി അതിഥികൾക്ക് മാത്രമായി നിശ്ചയിച്ച ഒരു ചെറിയ ഭാഗം ഒഴികെ അൽ വസ്ൽ പ്ലാസയിലും മറ്റെല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാതെ പ്രവേശിക്കാൻ അനുവാദം നൽകുമെന്നും സമാപന പരിപാടികൾ എല്ലാം ഐതിഹാസികമായിരിക്കുമെന്നും എക്സ്പോ ഈവൻസ് ആൻഡ് എന്റർടൈൻമെന്റ് ഓഫിസർ താരിഖ് ഗോഷീഹ് പറഞ്ഞു. അതേസമയം വി.ഐ.പി അതിഥികളായി പങ്കെടുക്കുക യു.എ.ഇയിലെ വിവിധ സ്കൂൾ കുക്കികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോയുടെ പൈതൃകം ഭാവിയിലേക്ക് എത്തിക്കേണ്ടവരെന്ന നിലയിലാണ് കുട്ടികളെ അതിഥികളായി തെരഞ്ഞെടുത്തതെന്നും അധികൃതർ പറഞ്ഞു.
ചടങ്ങിൽ എക്സ്പോ പതാക 2025ലെ മേളയുടെ ആതിഥേയരായ ജപ്പാന് കൈമാറുകയും ചെയ്യും.
രാത്രി മുഴുവൻ മെട്രോ സർവിസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എക്സ്പോ ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയസാന്നിധ്യമായ പെൺകുട്ടി തന്നെയായിരിക്കും സമാപന ചടങ്ങിനും തുടക്കം കുറിക്കുക.
എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ നേതൃത്വത്തിലായിരിക്കും യു.എ.ഇ ദേശീയ ഗാനമായ 'ഈഷി ബിലാദി' ആലപിക്കുക. പ്രശസ്ത സംഗീതജ്ഞരായ ഹറൂത്ത് ഫസ്ലിയൻ, എലെനോറ കോൺസ്റ്റാന്റിനി, ഗായിക ക്രിസ്റ്റീന അഗിലേറ എന്നിവരുടെ പരിപാടികൾ ചടങ്ങിന്റെ ആകർഷണമാണ്. എക്സ്പോ ടി.വി വഴി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.