എം.ടി.എഫ്.ഇയുടെ അടച്ചുപൂട്ടല്‍: നിക്ഷേപകർ നിയമ നടപടികളിലേക്ക്
text_fieldsദുബൈ: ഓണ്‍ലൈന്‍ ട്രേഡിങ് സേവനദാതാവും പോന്‍സി സ്കീമുകളിലൊന്നുമായ മെറ്റാവേർസ് ഫോറിന് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ (എം.ടി.എഫ്.ഇ) അടച്ചുപൂട്ടലില്‍ പണം നഷ്ടപ്പെട്ട പ്രവാസികളായ നിക്ഷേപകര്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നു. അതേസമയം, സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ 20 ലക്ഷം പേരിൽ അഞ്ച് ലക്ഷവും മലയാളികളായിരുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളിലായി പ്രവര്‍ത്തന ശൃംഖലയുള്ള എം.ടി.എഫ്.ഇ പ്രവര്‍ത്തനം തുടങ്ങുന്നത് 2015ലാണ്.
കാനഡയിലെ സ്റ്റോക്ക് റെഗുലേറ്ററായ സി.എസ്.എ തുടങ്ങി സമാനമായ അന്താരാഷ്ട്ര ഏജന്‍സികളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സംരംഭമെന്നതിനാലാണ് എം.ടി.എഫ്.ഇയില്‍ പണമിറക്കിയതെന്ന് നിക്ഷേപകരിലൊരാൾ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.500 ഡോളര്‍ നിക്ഷേപിച്ച തനിക്ക് മികച്ച ലാഭം ലഭിച്ചിരുന്നു. തന്റെ പ്രദേശത്ത് 500 മുതല്‍ 2000 ഡോളര്‍ നിക്ഷേപിച്ച 1500ഓളം പേരുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിലും കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് കാനഡയിലും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2022ല്‍ നിർമിത ബുദ്ധി റോബോട്ടിക് സംവിധാനത്തിലൂടെ എം.ടി.എഫ്.ഇ പ്രവര്‍ത്തനം നവീകരിച്ചതോടെയാണ് കേരളത്തിലും ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കിടയിലും പ്രചാരം വര്‍ധിക്കുന്നത്.ലോകത്ത് അതിസമ്പന്നരെ സൃഷ്ടിക്കുന്ന ട്രേഡിങ് മേഖല, സൗജന്യ റോബോട്ടിക് ആൻഡ് മാന്വല്‍ ട്രേഡിങ് പഠനം, സ്വന്തം ഡിജിറ്റല്‍ അക്കൗണ്ടില്‍ പണം സുരക്ഷിതം, മുതലും ലാഭവും ഏത് സമയവും പിന്‍വലിക്കാം തുടങ്ങിയ പ്രചാരണങ്ങളും ഇതില്‍ നിക്ഷേപിച്ചവരുടെ വളര്‍ച്ചയും ചൂണ്ടിക്കാട്ടിയായിരുന്നു ലോകാടിസ്ഥാനത്തില്‍ എം.ടി.എഫ്.ഇ പ്രവര്‍ത്തനം.
എം.ടി.എഫ്.ഇയെ പരിചയപ്പെടുത്തി ഇതിന്റെ ഭാഗമാക്കുന്നയാള്ക്ക് നിശ്ചിത ശതമാനം കൂടുതല്‍ പണവും കമ്പനി നല്‍കിയിരുന്നു. ഇവരുടെ പ്രചാരണം മുന്‍നിര്‍ത്തി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക ഫണ്ടും കമ്പനി അനുവദിച്ചിരുന്നതായും ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.