കഴിഞ്ഞ വർഷം; 311 ക്ലൗഡ് സീഡിങ്
text_fieldsദുബൈ: വിമാനം ഉപയോഗിച്ച് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറി മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് സംവിധാനം കൂടുതൽ വ്യാപിപ്പിച്ച് യു.എ.ഇ. ആറു വർഷത്തിനിടെ ക്ലൗഡ് സീഡിങ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബിയിൽ നടന്ന ഇന്റർനാഷനൽ റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിലാണ് അധികൃതർ കണക്കുകൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്. 1000 വിമാന മണിക്കൂറുകളാണ് ഇതിനായി ഉപയോഗിച്ചത്. 2016ൽ 177 വിമാനങ്ങൾ ക്ലൗഡ് സീഡിങ് നടത്തിയ സ്ഥാനത്താണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നത്. യു.എ.ഇ ഇതുവരെ മഴ വർധിപ്പിക്കാനുള്ള പദ്ധതിയിൽ 66 ദശലക്ഷം ദിർഹമാണ് നിക്ഷേപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ വടക്കൻ എമിറേറ്റുകളിൽ മഴ പെയ്യിക്കുന്നതിന് ക്ലൗഡ് സീഡിങ് നടത്തിയിരുന്നു.
കൂടുതൽ മഴ പെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം അൽ മുഹൈരി ചൂണ്ടിക്കാണിച്ചു. മഴ വർധിപ്പിക്കുക, ഭൂഗർഭജലം വർധിപ്പിക്കുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് മഴ പെയ്യിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, വിനോദസഞ്ചാരം എന്നിവക്ക് മഴ അനിവാര്യ ഘടകമാണെന്നും അവർ പറഞ്ഞു. ജലസംരക്ഷണം ഉറപ്പാക്കാൻ യു.എ.ഇ സ്വീകരിക്കുന്ന മാർഗങ്ങളിൽ ഒന്നുമാത്രമാണ് ക്ലൗഡ് സീഡിങ്ങെന്നും ജലസംരക്ഷണത്തിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ സയീദി പറഞ്ഞു. ഒരു വർഷത്തിൽ ശരാശരി 79 മില്ലിമീറ്റർ മഴ മാത്രമാണ് യു.എ.ഇയിൽ ലഭിക്കുന്നത്. അതിനാൽ, ജലസുരക്ഷ ഉറപ്പാക്കാൻ ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ക്ലൗഡ് സീഡിങ്
അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വിമാനങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറുന്നത്. രാസപദാർഥങ്ങളായ സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവ പൂജ്യം ഡിഗ്രിയെക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് മഴ പെയ്യിക്കുന്നതിനോ കൃത്രിമ മഞ്ഞ് സൃഷ്ടിക്കുന്നതിനോ ആണ് ഉപയോഗിക്കുന്നത്. മൂടല്‍മഞ്ഞ് കുറക്കുന്നതിനും ഈ പ്രവര്‍ത്തനം ഉപയോഗിക്കുന്നു.
വരൾച്ച ഒഴിവാക്കാൻ മാത്രമല്ല, വായുമലിനീകരണം കുറക്കാനും ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാറുണ്ട്. വലിയ ചെലവ് വരുന്ന ക്ലൗഡ് സീഡിങ് എപ്പോഴും വിജയിക്കണമെന്നില്ല. ക്ലൗഡ് സീഡിങ് നടത്തിയ ഉടൻ മഴ പെയ്യാറില്ല. അതിനാൽ, പെയ്യുന്നത് കൃത്രിമ മഴയാണോ യഥാർഥ മഴയാണോ എന്ന് തിരിച്ചറിയാനും കഴിയില്ല. ഒരു തവണ ക്ലൗഡ് സീഡിങ് നടത്തിയാൽ എത്ര മഴ ലഭിക്കുമെന്നും പറയാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.