ക്ലബ് ലോകകപ്പ് അടുത്തമാസം യു.എ.ഇയിൽ
text_fieldsദുബൈ: ക്ലബ് വേൾഡ് കപ്പ് അടുത്തമാസം അബൂദബിയിൽ നടക്കും. യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസിയാണ് ടൂർണമെന്റിന്റെ മുഖ്യ ആകർഷണം. ഏഷ്യൻ പ്രതിനിധികളായ അൽ ഹിലാൽ, യു.എ.ഇയിലെ ചാമ്പ്യൻമാരായ അൽ ജസീറ തുടങ്ങി എട്ട് ക്ലബുകളാണ് മാറ്റുരക്കുന്നത്. ഫെബ്രുവരി മൂന്ന് മുതൽ 12വരെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലും അൽ നഹ്യാൻ സ്റ്റേഡിയത്തിലുമാണ് മത്സരം. 20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. FIFA.com/ticket എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് അഞ്ചാം തവണയാണ് അബൂദബിയിൽ ക്ലബ് ലോകകപ്പ് വിരുന്നെത്തുന്നത്. കഴിഞ്ഞ മാസം ജപ്പാനിൽ നടക്കേണ്ട ടൂർണമെൻറാണ് കോവിഡിനെ തുടർന്ന് അബൂദബിയിലേക്ക് മാറ്റിയത്. ഓഷ്യാനിയ ഫുട്ബാൾ കോൺഫെഡറേഷനെ പ്രതിനിധാനംചെയ്ത് എ.എസ്. പിറേ, സൗദി അറേബ്യയുടെ ഹിലാൽ, ആഫ്രിക്കൻ ചാമ്പ്യൻമാരായ അൽ അഹ്ലി, കോൺകക്കാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മോൺടെറി, കോപ ലിബർടഡോർസ് ജേതാക്കളായ പൾമീറാസ് എന്നിവരും ടൂർണമെന്റിനുണ്ട്. ചെൽസിയുടെ ആദ്യ മത്സരം ഫെബ്രുവരി എട്ടിനാണ്. ചെൽസിയും പൾമീറാസും നേരിട്ട് സെമിയിലാണ് കളിക്കുക. വൈകീട്ട് 5.30നും രാത്രി 8.30നുമാണ് മത്സരങ്ങൾ. ഫെബ്രുവരി 12ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് ഫൈനൽ. ഫൈനലിന്റെ ടിക്കറ്റ് 50 ദിർഹം മുതൽ 200 ദിർഹം വരെയാണ്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും കാണികളെ പ്രവേശിപ്പിക്കുക. അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്. വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കണമെന്നും 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് ഫലം ഹാജരാക്കണമെന്നും നിർദേശമുണ്ട്. 2009, 2010, 2017, 2018 എന്നീ വർഷങ്ങളിലാണ് അബൂദബിയിൽ ക്ലബ് ലോകകപ്പ് നടന്നത്. ബാഴ്സലോണ, ഇന്റർമിലാൻ എന്നീ ടീമുകൾ ഓരോ തവണ ജേതാക്കളായപ്പോൾ റയൽ മഡ്രിഡ് രണ്ട് തവണ കിരീടം ചൂടി. അവസാനം നടന്ന 2018ലെ ടൂർണമെന്റിൽ റയൽ മഡ്രിഡായിരുന്നു ജേതാക്കൾ. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമധികം ഗോൾ പിറന്നതും ഈ വർഷമായിരുന്നു. 33 തവണ വലകുലുങ്ങിയ ഈ ടൂർണമെന്റിൽ ഓരോ മത്സരത്തിലും ശരാശരി 4.1 ഗോൾ വീതം പിറന്നു. യു.എ.ഇയിൽനിന്നുള്ള ആദ്യ ടീം ഫൈനലിലെത്തിയതിനും ഈ ടൂർണമെന്റ് സാക്ഷ്യം വഹിച്ചിരുന്നു. അൽഐനാണ് ഫൈനലിൽ റയൽ മഡ്രിഡിനോട് ഏറ്റുമുട്ടിയത്. 1-4നായിരുന്നു റയലിന്റെ കിരീടധാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.