അബൂദബി മാറുന്നു; സി.എൻ.ജിയിലേക്ക്
text_fieldsഅബൂദബി: അതിസമ്പന്നം, ചുളുവിലക്ക് പെട്രോൾ കിട്ടുന്ന നാട്. ചുറ്റും മരുഭൂമി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പച്ചപുതച്ചു നിൽക്കുന്ന രാജ്യങ്ങളെക്കാൾ പ്രകൃതിയോട് കരുതലുണ്ട് യു.എ.ഇക്ക്. ഒാരോ എമിറേറ്റും പരിസ്ഥിതിക്ക് അനുകൂലമായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നു. ഏറ്റവുമൊടുവിൽ അബൂദബിയാണ് നിർണായക ചുവടുവെപ്പുമായി മുേന്നാട്ടുവന്നിരിക്കുന്നത്. വാഹനങ്ങൾ അതിവേഗം സി.എൻ.ജിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണിവിടെ.
ആദ്യഘട്ടത്തിൽ ടാക്സികളും സർക്കാർ വാഹനങ്ങളും ബസുകളുമാണ് മാറ്റുന്നത്. 2010 മുതൽ ഇതുവരെ 6000 വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറിക്കഴിഞ്ഞു. അന്ന് മുതൽ എമിറേറ്റ് ട്രാൻസ്പോർട്ട് പെട്രോൾ വാഹനങ്ങൾ സി.എൻ.ജിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
വൈകാതെ ഡീസൽ വാഹനങ്ങളും മാറ്റും. എമിറേറ്റ് ട്രാൻസ്പോർട്ടിെൻറ ജോലികൾ അബൂദബി ടെക്നിക്കൽ സർവീസ് സെൻററിലാണ് നടക്കുക. വാണിജ്യ വാഹനങ്ങളും സർക്കാർ വാഹനങ്ങളുമാണ് മാറ്റുന്നതെങ്കിലും ഇവിടെ സ്വകാര്യ വാഹനങ്ങൾക്കും സേവനം ലഭ്യമാണ്. 20 ൽ ഏറെ സ്വകാര്യ വാഹനങ്ങൾ ഇതിനകം തന്നെ സി.എൻ.ജിയിലേക്ക് മാറിക്കഴിഞ്ഞു.
പെട്രോളിൽ നിന്ന് സി.എൻ.ജിയിലേക്ക് മാറുന്നതോടെ ഉപഭോക്താവിന് 40 ശതമാനം സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് കണക്ക്.
2010 മുതൽ സി.എൻ.ജിക്ക് വില വർധന ഉണ്ടായിട്ടില്ല. ഒരു ക്യുബിക് മീറ്റർ സി.എൻ.ജിക്ക് ഇപ്പോഴും 1.4 ദിർഹമാണ് വില. അതേസമയം പെട്രോൾ വിലയാകെട്ട ലിറ്ററിന് രണ്ട് ദിർഹം കടന്ന് 2.12 ആയി.
2.10 ദിർഹമാണ് ഡീസലിെൻറ വില. പെട്രോൾ വില ഒാരോ മാസം വർധിക്കുകയും ചെയ്യും. ഒരേ വാഹനത്തിൽ നിന്ന് കൂടുതൽ ലാഭം നേടാനുള്ള അവസരമാണ് സി.എൻ.ജി തരുന്നതെന്നും വാഹനത്തിെൻറ പ്രകടനത്തിനോ സുരക്ഷക്കോ ഒരുതരത്തിലുള്ള കോട്ടവും ഇതുമൂലം ഉണ്ടാവില്ലെന്നും സാേങ്കതിക വിദഗ്ധർ പറയുന്നു. നാല് സിലിണ്ടർ എഞ്ചിനുള്ള വാഹനത്തിെൻറ ടാങ്കിൽ ഇന്ധനം നിറക്കാൻ 18 ദിർഹം മാത്രം മതിയാവും.
250 കിലോമീറ്റർ ഇത് ഉപയോഗിച്ച് സഞ്ചരിക്കാം. എന്നാൽ ഇതേ തുകക്ക് കിട്ടുന്നത് ഒമ്പത് ലിറ്റർ പെട്രോൾ മാത്രമാണ്. ഇത് വെറും 80 കിലോമീറ്റർ ഒാടാനുള്ളതെ ആകുന്നുള്ളൂ. നൂറ് ശതമാനം സുരക്ഷിതമായ സാേങ്കതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്ന് അബൂദബി ടെക്നിക്കൽ സർവീസ് സെൻറർ അധികൃതർ പറഞ്ഞു. ഇറ്റാലിയൻ സാേങ്കതിക വിദ്യ ജർമൻ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്.
സി.എൻ.ജി. തീർന്നുപോയാൽ തനിയെ പെട്രോളിലേക്കോ ഡീസലിലേക്കോ മാറുന്ന സംവിധാനമാണ് വാഹനങ്ങൾക്ക് നൽകുന്നത്. ഡീസലിൽ പ്രവർത്തിക്കുന്ന എയർപോർട്ട് ടാക്സികൾ വരെ സി.എൻ.ജിയിലേക്ക് മാറിക്കഴിഞ്ഞു. അഡ്നോക്ക് പമ്പുകളിൽ 2018 ഒാടെ കുറഞ്ഞത് ഒരു സി.എൻ.ജി. ടെർമിനലെങ്കിലും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എമിറേറ്റ് ട്രാൻസ്പോർട്ട്. നിലവിൽ അബൂദബിയിൽ 25 അഡ്നോക് പമ്പുകളിൽ സി.എൻ.ജി ടെർമിനലുകൾ ഉണ്ട്.
ദുബൈ, അൽ െഎൻ, അബൂദബി, ഷാർജ എന്നിവിടങ്ങളിലായി നാല് കൺവേർഷൻ സെൻററുകളുമുണ്ട്. അടുത്ത വർഷം അൽ ഗർബിയയിൽ പുതിയത് തുറക്കും.
ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാനുള്ള അനുമതി ഇൗ വർഷം ആദ്യമാണ് ലഭിച്ചത്. ഇതുവരെ 10 വാഹനങ്ങൾ മാറ്റിക്കഴിഞ്ഞു. അടുത്ത മാസം ആദ്യം അഞ്ച് എണ്ണം കൂടി നിരത്തിലെത്തും. എഞ്ചിനിലെ സിലണ്ടറുകളുടെ എണ്ണവും നിർമിതിയീമനുസരിച്ച് മൂന്ന് മുതൽ നാല് മണിക്കൂർ വരെ മാത്രം സമയമാണ് ഇൗ സംവിധാനം ഏർപ്പെടുത്താൻ എടുക്കുക. അറ്റകുറ്റപണികൾ കുറവായിരിക്കുമെന്നും അവകാശവാദമുണ്ട്. വാഹനങ്ങളുടെ ശേഷി അനുസരിച്ച് 6000മുതൽ 8000 ദിർഹം വരെയാണ് ചെലവ് വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.