അബൂദബിയുടെ പദ്ധതി ഫലപ്രദം; വീടുകളിലെത്തിയുള്ള മാലിന്യശേഖരണം ദുബൈയിലും
text_fieldsഅബൂദബി: അബൂദബി എമിറേറ്റില്‍ 2021 നവംബറില്‍ ആരംഭിച്ച പദ്ധതി ഫലപ്രദമായതോടെയാണ് മറ്റ് എമിറേറ്റുകളിലും പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. റീക്യാപ് എന്ന ആപ്പിലൂടെ സേവനം ആവശ്യപ്പെടുമ്പോള്‍ ജീവനക്കാര്‍ വീട്ടിലെത്തി പുനരുപയോഗ വസ്തുക്കള്‍ ശേഖരിക്കും. വിയോലിയ മിഡിലീസ്റ്റ് ആരംഭിച്ച ആപ്പില്‍ അബൂദബി എമിറേറ്റില്‍ 15,000 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഉമ്മുസുഖീം, ജുമൈറ, ബിസിനസ് ബേ, ഡൗണ്‍ ടൗണ്‍, അല്‍ ബര്‍ഷ, എം.ബി.ആര്.എം. സിറ്റി, ഡിസ്ട്രിക്ട് വണ്‍, മെയ്ദാന്‍, അറേബ്യന്‍ റാഞ്ചസ്1, സ്പ്രിങ്സ്, മെഡോസ്, ദ് ലേക് എന്നിവിടങ്ങളിലെ വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കും. പിന്നീട് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
അതേസമയം, പരിസ്ഥിതിയെ ചേര്‍ത്തുനിര്‍ത്തി ജീവിതം ക്രമപ്പെടുത്തുന്നവർക്ക് സമ്മാനങ്ങള്‍ നല്കുന്ന പദ്ധതിയും അബൂദബിയില്‍ വിജയകരമായി നടന്നുവരുകയാണ്. പരിസ്ഥിതി സൗഹൃദജീവിതശൈലി തിരഞ്ഞെടുക്കുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും സമ്മാനം നല്കുന്ന ബാദര്‍ (ബി.എ.എ.ഡി.ആര്) എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് അബൂദബി പരിസ്ഥിതി ഏജന്‍സിയും (ഇ.എ.ഡി) ബൊറൂജും പുറത്തിറക്കിയത്. അബൂദബി എമിറേറ്റിലുള്ള പരിസ്ഥിതിയും പച്ചപ്പുമൊക്കെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇരുപതിലേറെ പരിസ്ഥിതി സൗഹൃദ പ്രവൃത്തികള്‍ ആപ്പില്‍നിന്ന് സ്വീകരിച്ച് ഇതിനു സമ്മാനങ്ങള്‍ കൈപ്പറ്റാനാണ് അവസരമൊരുക്കിയിരിക്കുന്നത്.
ഓര്‍ഗാനിക് ഭക്ഷണത്തിലേക്ക് മാറുക, ദിവസത്തിലൊരു തവണ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുക, ജലവൈദ്യുതി ഉപയോഗം കുറക്കുക തുടങ്ങിയ ആരോഗ്യ അതിജീവന ശൈലികള്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്കുമുന്നില്‍ വെക്കുന്നുണ്ട്. കാര്‍ബണ്‍ എമിഷന്‍ കുറക്കുക, ഭക്ഷണമാലിന്യം കുറക്കുക, ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ ഇല്ലാതാക്കുക, ഊര്‍ജം സംരക്ഷിക്കുക, പുനരുപയോഗ ഉല്പന്നങ്ങള്ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ആപ്ലിക്കേഷനിലെ ഓരോ ടാസ്കുകളും പൂര്‍ത്തിയാക്കുന്ന മുറക്ക് പോയന്റുകള്‍ ലഭിക്കുകയും നിശ്ചിത പോയന്റുകള്‍ ലഭിക്കുമ്പോള്‍ ആപ്ലിക്കേഷനുകളായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അബൂദബിയിലെ ഒമ്പത് വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഇളവുകളോടെ പര്‍ച്ചേസ് നടത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.