പതാക ദ്വീപിലെ വർണക്കാഴ്ചകൾ
text_fieldsഷാർജയിലെ ജുബൈൽ കച്ചവടമേഖലയുടെ തിരക്കിനിടയിലൂടെ മനോഹരമായൊരു തോട് കടന്നു പോകുന്നുണ്ട്. ഖാലിദ് തടാകത്തിലേക്ക് ഒഴുകുന്ന ഇതിെൻറ പേര് ഷാർജ കനാൽ എന്നാണ്. അറബികടലിൽ നിന്ന് മീൻപിടിച്ച് ഷാർജ മത്സ്യ മാർക്കറ്റിലേക്ക്, വരുന്ന കൂറ്റൻ ബോട്ടുകളും വള്ളങ്ങളും ഈ കനാലിലൂടെ വന്നാണ് മീനിറക്കുന്നത്. ഷാർജയിലെ ഏറ്റവും പഴക്കമുള്ള ഖാലിദ് പാലം ഈ കനാലിന് മുകളിലൂടെ കടന്നു പോകുന്നു. ഈ കനാലിൽ അതി മനോഹരമായൊരു ദ്വീപുണ്ട്, ദ്വീപിലെ 123 മീറ്റർ ഉയരമുള്ള ഫ്ലാഗ്പോൾ ശ്രദ്ധേയമാണ്. 2012 നവംബർ 25നാണ് ഫ്ലാഗ്പോൾ പൂർത്തിയായത്. കൊടിമരത്തിലെ 70 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള ദേശീയപതാക പാറി പറക്കുന്നത് ഷാർജ പട്ടണത്തിൽ എവിടെ നിന്നാലും കാണാം.
ദ്വീപിൽ തന്നെ പ്രവർത്തിക്കുന്ന, യു.എ.ഇയിലെ ആദ്യ വിനോദ ഉദ്യാനമായ അൽ ജസീറ (അൽ മുൻതസ) കൊടിമരത്തിന് നേരെ എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്. ഷാർഖിയൻ വാസ്തുകലയിൽ മെനഞ്ഞെടുത്ത, സർക്കാർ കെട്ടിടങ്ങൾ എന്നറിയപ്പെടുന്ന സുന്ദര ശിൽപങ്ങൾ ദ്വീപിെൻറ മറുകരയിലുണ്ട്. കോവിഡിെൻറ കടന്നുവരവിന് മുമ്പ് അവധിയില്ലാതെ കലാ-സാംസ്കാരിക പരിപാടികൾ നടന്നിരുന്നു പതാക ദ്വീപിൽ.
ഇക്കഴിഞ്ഞ യോഗാദിനത്തിൽ ഇവിടെ ശാരീരിക-മാനസിക ആരോഗ്യത്തിെൻറ പ്രധാന്യം ഉണർത്തുന്ന നിരവധി പരിപാടികളാണ് നടന്നത്. പല വർണത്തിലുള്ള പൂച്ചെടികളും വിവിധ ആകൃതിയിൽ വെട്ടിയൊതുക്കി നിറുത്തിയ കുറ്റിച്ചെടികളുമാണ് ദ്വീപിന് ജൈവികമായ അഴക് വിരിക്കുന്നത്. ദ്വീപിലെത്തുന്ന കാറ്റിൽ കാതു ചേർത്തു വെച്ചാൽ അറബിക്കടലിെൻറ പാട്ടുകേൾക്കാം. പതാക ദ്വീപിലെ ആംഫി തിയേറ്ററിൽ നിന്ന് പോകാൻ കൂട്ടാക്കാതെ നിൽക്കുന്നുണ്ട്, കഴിഞ്ഞ യു.എ.ഇ ദേശീയ ദിനത്തിൽ ഇമാറാത്തിെൻറ ഗാനഗന്ധർവ്വൻ ഹുസൈൻ അൽ ജസ്മി ആലപിച്ച ചതുർവർണ ചേലുള്ള പാട്ടുകൾ. ദ്വീപിലെ വ്യായാമ പാതകൾക്കിരുവശവും തണൽമരങ്ങളുടെ കരുതലുണ്ട്. കുട്ടികൾക്ക് കളിക്കാനും കുടുംബങ്ങൾക്കിരിക്കാനും പുൽതകിടിയുമുണ്ട്. ദ്വീപിനെ ജലനൗകകൾ വലം വെക്കാത്ത നേരമില്ല.
ദ്വീപിെൻറ കരയിലുണ്ടായിരുന്ന പഴയ മീൻ ചന്തയുടെ മേൽക്കുര പണിതിരുന്നത് ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മരങ്ങൾ കൊണ്ടായിരുന്നു. മരങ്ങൾ കയറ്റിയ കപ്പലുകൾ നങ്കൂരമിട്ടതും ദ്വീപിന് വിളിപ്പാടകലെയാണ്. ലോക പ്രശസ്ത കലാകാരും ഗായകരും കായിക താരങ്ങളും ദ്വീപിലെ അരങ്ങിനെ അഭിരാമമാക്കിയിട്ടുണ്ട്. ഈറൻ മണ്ണിെൻറ കുളിരുള്ള കാറ്റാസ്വദിച്ച് ദ്വീപിലെ ഗാലറിയിലിരുന്നാൽ, യു.എ.ഇയിലെ ആദ്യത്തെ ശീതികരിച്ച മീൻ മാർക്കറ്റായ അൽ ജുബൈലിലേക്ക് മത്സ്യങ്ങളുമായി വരുന്ന ബോട്ടുകളെയും അതിറക്കുന്ന ശബ്ദവും കേൾക്കാം.
ശിശിരകാലത്ത് സൈബീരിയയിൽ നിന്ന് ദേശാടന പക്ഷികൾ എത്തിയാൽ ദ്വീപിന് ചിറകുകൾ മുളക്കും. പുൽത്തകിടികൾ തൂവെള്ളമെത്ത വിരിക്കും. ദ്വീപിലെ മൗനങ്ങൾ പാടാൻ തുടങ്ങും. ഷാർജ റോളയിൽ നിന്നും ഓൾഡ് സൂക്കിൽ നിന്നും നടക്കാവുന്ന ദൂരമേ ദ്വീപിലേക്കുള്ളു. മനസിൽ സഘർഷങ്ങൾ അതിരു കടക്കുമ്പോൾ ഈ തുരുത്തിലേക്ക് വരിക, മനസിലെ അക്ഷരതെറ്റുകൾ അത് തിരുത്തി തരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.